
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വിക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച സെലക്ടര്‍മാര്‍ക്കെതിരെയും ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെയും തുറന്നടിച്ച് സുനില്‍ ഗവാസ്കര്‍. കരുത്തനായൊരു സെലക്ടറുണ്ടായിരുന്നെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എന്തു കൊണ്ട് അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയെന്നും ടോസ് നേടിയിട്ടും എന്തുകൊണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തുവെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുഖത്തു നോക്കി ചോദിച്ചേനെയെന്ന് ഗവാസ്കര്‍ സ്പോര്‍ട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കരുത്തനായ ഒരു സെലക്ടറുണ്ടായിരുന്നെങ്കില്‍ അശ്വിനെ ഒഴിവാക്കിയതിനെക്കുറിച്ചും ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് എന്തിനായിരുന്നുവെന്നും ട്രാവിസ് ഹെഡ് ക്രീസിലെത്തിയ പാടെ ഷോര്‍ട്ട് ബോള്‍ തന്ത്രം എന്തുകൊണ്ട് പ്രയോഗിച്ചില്ലെന്നും രോഹിത്തിനോട് ചോദിച്ചേനെ. ഈ ചോദ്യങ്ങളെല്ലാം ചോദിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍ പിന്നെ ക്യാപ്റ്റന് എന്ത് ഉത്തരവാദിത്തമാണുള്ളത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയശേഷം ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കാം. രോഹിത്തിനെ ഒഴിവാക്കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ എടുക്കുന്ന തീരുമാനങ്ങളില്‍ ഏത് ക്യാപ്റ്റനും ഉത്തരവാദിത്തം വേണം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ക്യാപ്റ്റനുമായി ക്രിക്കറ്റ് ബോര്‍ഡിലെ ആരെങ്കിലും സംസാരിച്ചിരുന്നോ എന്നറിയില്ല. എന്തുകൊണ്ട് നിങ്ങള്‍ ക്യാപ്റ്റനായി തുടരണമെന്ന് രോഹിത്തിനോട് ചോദിക്കേണ്ടതായിരുന്നു. ഞങ്ങളുടെ കാലത്ത് ക്യാപ്റ്റനെ തെരഞ്ഞെടുക്കുമ്പോള്‍ സാധാരണഗതിയില്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരാറുണ്ട്. പിന്നീട് സെലക്ടര്‍മാരും ക്യാപ്റ്റനും യോഗം ചേരും. ആ യോഗത്തിലാണ് ക്യാപ്റ്റന്‍ തന്‍റെ ടീമിന് എന്താണ് വേണ്ടതെന്ന് പറയുക. എന്നാല്‍ ഇന്നത്തെ കാലത്ത് അതൊന്നുമില്ല. ഒരിക്കല്‍ ക്യാപ്റ്റനായാല്‍ പിന്നെ എത്ര പരമ്പരകള്‍ തോറ്റാലും ക്യാപ്റ്റനായി നിങ്ങള്‍ക്ക് തുടരാം. വ്യക്തിഗത പ്രകടനം മോശമാകാതിരുന്നാല്‍ മാത്രം മതിയെന്നും ഗവാസ്കര്‍ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ഇലവനില്‍ നിന്ന് അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അശ്വിന് പകരം കളിച്ച ഉമേഷ് യാദവാകട്ടെ തിളങ്ങിയതുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!