
ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിക്ക് ആശങ്കകള്‍ അവസാനിക്കുന്നില്ല. ബോർഡർ-ഗാവസ്കർ ട്രോഫി മുതല്‍ പരിക്കിന്‍റെ പിടിയിലായ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ഏഷ്യാ കപ്പ് ആവുമ്പോഴേക്ക് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധ്യതയില്ല എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. പുറംവേദനയ്ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് അയ്യർ നിലവിലുള്ളത്. അയ്യർക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ കെ എല്‍ രാഹുലും പേസർ ജസ്പ്രീത് ബുമ്രയും ഇവിടെ പരിശീലനം നടത്തുന്നുണ്ട്.
ഏഷ്യാ കപ്പില്‍ കെ എല്‍ രാഹുലിന് കളിക്കാനാവില്ല എന്ന റിപ്പോർട്ട് ക്രിക്ബസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കാല്‍ത്തുടയിലെ ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടർ പരിശീലനങ്ങള്‍ നടത്തുന്ന രാഹുല്‍ ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഇന്ത്യന്‍ ഏകദിന ടീമില്‍ മധ്യനിരയിലെ നിർണായക ബാറ്റർമാരാണ് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും. ഏഷ്യാ കപ്പില്‍ ഇരുവരും കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ സഞ്ജു സാംസണെ പോലുള്ള യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷവും ഏകദിന ഫോർമാറ്റില്‍ ലോംഗ് റണ്‍ സഞ്ജു സാംസണുന് ലഭിക്കാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ വീണ്ടും പുറംവേദന കലശലായതോടെയാണ് ശ്രേയസ് അയ്യരെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ട് ദിവസം കളിച്ച ശേഷം പുറംവേദന കാരണം താരത്തിന് മൈതാനത്ത് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎല്‍ പതിനാറാം സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും താരത്തിന് നഷ്ടമായിരുന്നു. അയ്യർ എപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍. ഏഷ്യാ കപ്പില്‍ കളിക്കാനാവാതെ വന്നാല്‍ ശ്രേയസും രാഹുലും ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയത്തിലാവും.
Read more: കെ എല്‍ രാഹുലിന്‍റെ മടങ്ങിവരവ് വൈകും; സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് ടീമിലേക്കും?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!