ENG vs IND : ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടി20; ജേതാക്കളെ പ്രവചിച്ച് ആകാശ് ചോപ്ര, ഒപ്പം കാരണവും

By Jomit JoseFirst Published Jul 7, 2022, 9:02 PM IST
Highlights

സതാംപ്‍ടണ്‍ ടി20യില്‍ ഇന്ത്യയേക്കാള്‍ ഇംഗ്ലണ്ടിനാണ് ആകാശ് ചോപ്ര സാധ്യത കല്‍പിക്കുന്നത്. ഇതിന് കാരണവുമുണ്ട്. 

സതാംപ്‍ടണ്‍: സതാംപ്‍ടണില്‍ ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടി20ക്ക്(ENG vs IND 1st T20I) ടോസ് വീഴാന്‍ ഏറെ നേരം ബാക്കിയില്ല. പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും ക്രിക്കറ്റ് പണ്ഡിതനുമായ ആകാശ് ചോപ്ര(Aakash Chopra). ഇന്ത്യയേക്കാള്‍ ഇംഗ്ലണ്ടിനാണ് ചോപ്ര സാധ്യത കല്‍പിക്കുന്നത്. ഇതിന് കാരണവുമുണ്ട്. 

'ഇംഗ്ലണ്ടിനായി ജോസ് ബട്‍ലറും ഡേവിഡ് മാലനും ചേർന്ന് 75 റണ്‍സിലധികം നേടും എന്നതാണ് എന്‍റെ ആദ്യ പ്രവചനം. ബട്‍ലറെ തടഞ്ഞുനിർത്താനാവില്ല. രോഹിത് ശർമ്മ ഓപ്പണിംഗിലേക്ക് എത്തുമെങ്കിലും ഇഷാന്‍ കിഷനും സൂര്യകുമാർ യാദവും ചേർന്ന് 70ലധികം റണ്‍സ് കണ്ടെത്തും. ഇന്ത്യന്‍ ​ബൗളിം​ഗ് മെച്ചമാണെങ്കിലും ബാറ്റിംഗ് കരുത്ത് നോക്കുമ്പോള്‍ ഇംഗ്ലണ്ട് ജയിക്കാനാണ് സാധ്യത' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ കൂട്ടിച്ചേർത്തു. അതേസമയം സഞ്ജു സാംസണ്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ കാണില്ല എന്നാണ് ചോപ്രയുടെ പ്രവചനം. 

ആകാശ് ചോപ്രയുടെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, ഹർഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വർ കുമാർ. 

സതാംപ്ടണില്‍ ഇന്ത്യന്‍സമയം രാത്രി 10.30നാണ് ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടി20. 10 മണിക്ക് റോസ് ബൗളിൽ ടോസ് വീഴും. മത്സരത്തിന് മുമ്പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഇംഗ്ലണ്ടിനെതിരെ ടി20യിലെ മുന്‍ റെക്കോർഡ്. ടി20യില്‍ ഇംഗ്ലണ്ടിന് മേല്‍ മേല്‍ക്കോയ്മ ഇന്ത്യക്കുണ്ട്. 19 മത്സരങ്ങളില്‍ ഇതുവരെ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 10ലും ഇംഗ്ലണ്ട് 9ലും വിജയിച്ചു. ഇരു കൂട്ടരും തമ്മിലുള്ള പരമ്പരകളില്‍ പക്ഷേ എട്ട് വീതം വിജയങ്ങളാണ് ഇന്ത്യക്കും ഇംഗ്ലണ്ടിനുമുള്ളത്. അവസാനം ഏറ്റുമുട്ടിയ ടി20 പരമ്പരയില്‍(2021 മാർച്ച്) ഇന്ത്യ 3-2ന് വിജയിച്ചതും പ്രതീക്ഷയാണ്. മാത്രമല്ല അവസാന മൂന്ന് ടി20 പരമ്പരകളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള സ്ക്വാഡ്: രോഹിത് ശ‍ര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സ‍ര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

ENG vs IND : ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20; നേട്ടങ്ങള്‍ക്കരികെ രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും

click me!