ഋഷഭ് പന്ത് ഫോമാവാന്‍ ഒരു വഴിയുണ്ട്; ആകാശ് ചോപ്ര പറയുന്നു

By Web TeamFirst Published Sep 19, 2019, 4:09 PM IST
Highlights

വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഋഷഭ് പന്ത്. ക്യാപ്റ്റന്‍, കോച്ച്, ബാറ്റിങ് പരിശീലകന്‍ എന്നിവരെല്ലാം സംസാരിക്കുന്നത് പന്തിന്റെ ഫോമിനെ കുറിച്ചാണ്. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യിലും മോശം ഷോട്ട് കളിച്ച് പുറത്തായി.

മൊഹാലി: വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഋഷഭ് പന്ത്. ക്യാപ്റ്റന്‍, കോച്ച്, ബാറ്റിങ് പരിശീലകന്‍ എന്നിവരെല്ലാം സംസാരിക്കുന്നത് പന്തിന്റെ ഫോമിനെ കുറിച്ചാണ്. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യിലും മോശം ഷോട്ട് കളിച്ച് പുറത്തായി. ഇതോടെ വിമര്‍ശനങ്ങള്‍ കടുത്തു. ഇനിയും ടീമില്‍ കളിപ്പിക്കരുതെന്നും സഞ്ജു സാംസണിനോ ഇഷാന്‍ കിഷനോ അവസരം നല്‍കണമെന്നും ഇന്ത്യന്‍ ആരാധകര്‍. 

താരത്തിന്റെ മോശം ഫോമിന് പിന്നില്‍ കാരണം മറ്റൊന്നാണെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. നാലാം സ്ഥാനത്ത് കളിപ്പിക്കരുതെന്നാണ് ചോപ്രയുടെ പക്ഷം. അദ്ദേഹം തുടര്‍ന്നു... ''നിര്‍ണായകമായ നാലാം സ്ഥാനത്ത് ഇനിയും പന്തിനെ പരീക്ഷിക്കരുത്. ശ്രേയസ് അയ്യരെ ആ സ്ഥാനത്ത് കളിപ്പിക്കണം. നാലാം സ്ഥാനത്ത് കളിക്കാന്‍ സാങ്കേതിക തികവുള്ള താരമാണ് ശ്രേയസ്. പന്തിനെ അഞ്ചാമത് കളിപ്പിക്കണം. ചിലപ്പോള്‍ അഞ്ചാം സ്ഥാനത്ത് തിളങ്ങാന്‍ സാധിച്ചേക്കും.'' ചോപ്ര പറഞ്ഞുനിര്‍ത്തി. 

പന്തിന് വേണ്ടത്ര അവസരങ്ങള്‍ ഇന്ത്യ നല്‍കിക്കഴിഞ്ഞെന്നും ഇനി സഞ്ജു സാംസണിനെപ്പോലുള്ളവരെ പകരം കൊണ്ടു വരണമെന്നുമെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും അടുത്തിടെ പന്തിന്റെ അശ്രദ്ധമായ ബാറ്റിങ് ശൈലിയെ കുറ്റപ്പെടുത്തിയിരുന്നു.

click me!