സച്ചിന്റെ മകനായതുകൊണ്ട് അര്‍ജ്ജുന് ഒന്നും തളികയില്‍ വെച്ച് നല്‍കില്ലെന്ന് ആകാശ് ചോപ്ര

Published : Jun 27, 2020, 09:00 PM IST
സച്ചിന്റെ മകനായതുകൊണ്ട് അര്‍ജ്ജുന് ഒന്നും തളികയില്‍ വെച്ച് നല്‍കില്ലെന്ന് ആകാശ് ചോപ്ര

Synopsis

സുനില്‍ ഗവാസ്കറുടെ മകനായതുകൊണ്ട് മാത്രം രോഹന്‍ ഗവാസ്കര്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. ബംഗാളിന് വേണ്ടി മികച്ച പ്രകടനം നടത്തിയതുകൊണ്ടാണ് അദ്ദേഹം ദേശീയ ടീമിലെത്തിയത്

മുംബൈ: ബോളിവുഡിലെ യുവതാരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തതിന് പിന്നാലെ സിനിമാരംഗത്തെ സ്വജനപക്ഷപാതത്തെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡിന് പിന്നാലെ ക്രിക്കറ്റിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും ചര്‍ച്ചകള്‍ വരുന്നു. സ്കൂള്‍ ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട മുംബൈയുടെ യുവതാരം പ്രണവ് ധന്‍വാഡെക്ക് പകരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുവെന്നാണ് ഉയര്‍ന്നുകേട്ട പ്രധാന ആരോപണങ്ങളിലൊന്ന്.


സ്കൂള്‍ ക്രിക്കറ്റില്‍1000 റണ്‍സ് നേടി റെക്കോര്‍ഡിട്ട പ്രണവിന് പകരം  അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമിലേക്ക് അര്‍ജ്ജുന് അവസരം നല്‍കിയതാണ് ഇതുസംബന്ധിച്ച ആരോപണങ്ങള്‍ക്ക് ബലമേകിയത്.  എന്നാല്‍ ദേശീയ ടീമില്‍ കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം മാത്രമാണ് അടിസ്ഥാനമാകുകയെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. മറ്റ് മേഖലകളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ സ്വജനപക്ഷപാതത്തിനുള്ള സാധ്യത വളരെ കുറവാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.


സുനില്‍ ഗവാസ്കറുടെ മകനായതുകൊണ്ട് മാത്രം രോഹന്‍ ഗവാസ്കര്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. ബംഗാളിന് വേണ്ടി മികച്ച പ്രകടനം നടത്തിയതുകൊണ്ടാണ് അദ്ദേഹം ദേശീയ ടീമിലെത്തിയത്.  എന്നാല്‍ ദേശീയ ടീമില്‍ മികവ് തുടരാവാഞ്ഞതോടെ ഇന്ത്യക്കായി 11 ഏകദിനങ്ങളില്‍ മാത്രം കളിക്കാനെ രോഹനായുള്ളു.

മഹാന്‍മാരുടെ മക്കളായതുകൊണ്ട് മാത്രം ദേശീയ ടീമില്‍ അവസരം ലഭിക്കുമെന്ന് കരുതുന്നില്ല. സച്ചിന്റെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ കാര്യവും അതുപോലെയാണ്. സച്ചിന്റെ മകനായതുകൊണ്ട് അര്‍ജ്ജുന് ഒന്നും തളികയില്‍ വച്ച് നല്‍കില്ല. ഉയര്‍ന്നതലത്തില്‍ അത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യതയുണ്ടെന്ന് കരുതുന്നില്ല. മറ്റ് മേഖലകളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ സ്വജനപക്ഷപാതം വളരെ കുറവാണെന്നും ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ഇന്ത്യക്കായി ഇതുവരെ കളിക്കാത്ത അര്‍ജ്ജുന്‍ മുംബൈയുടെ അണ്ടര്‍ 19 താരമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം
കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്