ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഏത് സമയത്തും പിച്ചിന്‍റെ സ്വഭാവം മാറ്റാൻ ഗ്രൗണ്ട്സ്മാൻമാർക്ക് കഴിയുമെന്ന് സഖ്‌‌ലയിൻ മുഷ്താഖ്.

കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയ വിവാദത്തിന് തിരികൊളുത്തി മുൻ പാക് സ്പിന്നർ സഖ്‌‌ലയിൻ മുഷ്താഖ്. ലോകകപ്പിലെ പിച്ച് ഒരുക്കുന്നതിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ബിസിസിഐയുടെ സമ്മർദ്ദത്തിന് വഴങ്ങുന്നുവെന്നാണ് സഖ്‌‌ലയിന്‍റെ ആരോപണം.

Add Asianetnews as a Preferred SourcegooglePreferred

പാകിസ്ഥാനിലെ ഒരു പ്രമുഖ സ്പോർട്സ് ചാനലിലെ ചർച്ചയ്ക്കിടെയാണ് സഖ്‌‌ലയിൻ മുഷ്താഖ് വിവാദ പരാമർശം നടത്തിയത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഏത് സമയത്തും പിച്ചിന്‍റെ സ്വഭാവം മാറ്റാൻ ഗ്രൗണ്ട്സ്മാൻമാർക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് ഏത് രീതിയിലും പിച്ച് മാറ്റാൻ സാധിക്കും. ഐസിസി ആരുടെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ത്യക്കെതിരായ മത്സരത്തിന് മുൻപ് കൊളംബോയിലെ പിച്ചിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്, സഖ്‌‌ലയിൻ ആരോപിച്ചു.

ഇന്ത്യക്കെതിരായ വലിയ മത്സരത്തിന് മുൻപ് പാക് ടീം സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും സഖ്‌‌ലയിൻ സംസാരിച്ചു. ഓൾറൗണ്ടർ ഫഹീം അഷ്റഫിനെ ആദ്യ രണ്ട് മത്സരങ്ങളിൽ പന്തെറിയിക്കാത്തതിനെ അദ്ദേഹം വിമർശിച്ചു. ഉസ്മാൻ താരിഖിനെ പോലുള്ളവർക്ക് അവസരം നൽകുന്നത് നല്ലതാണെങ്കിലും, ഇന്ത്യയെപ്പോലൊരു ടീമിനെ നേരിടുമ്പോൾ പരിചയസമ്പന്നനായ ഫഹീം അഷ്റഫിനെപ്പോലെയുള്ളവർക്ക് കൃത്യമായ റോളുകൾ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ടൂർണമെന്‍റ് നിയമപ്രകാരം പാകിസ്ഥാൻ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് കളിക്കുന്നത്. ഗ്രൂപ്പ് എ-യിലെ ആദ്യ രണ്ട് മത്സരങ്ങളും കൊളംബോയിലെ എസ്എസ്സി സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ ഇന്ത്യയുമായുള്ള ഹൈ-പ്രൊഫൈൽ പോരാട്ടം നടക്കുന്നത് കൊളംബോയിലെ തന്നെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ്. ഇവിടെ ഇന്ത്യക്ക് അനുകൂലമായ രീതിയിൽ പിച്ച് ഒരുക്കാൻ സാധ്യതയുണ്ടെന്നാണ് സഖ്‌‌ലയിന്‍റെ വാദം. ഉമർ ഗുൽ, മുഹമ്മദ് ഹഫീസ് തുടങ്ങിയ മുൻ താരങ്ങളും സഖ്‌‌ലയിനൊപ്പം ചർച്ചയിൽ പങ്കെടുത്തിരുന്നു. പാകിസ്ഥാൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനങ്ങളെയും സൽമാൻ ആഗയുടെ ക്യാപ്റ്റൻസിയെയും ഇവർ ചോദ്യം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക