വിടവാങ്ങല്‍ മത്സരത്തിലും നിരാശപ്പെടുത്തി ഫിഞ്ച്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി കിവീസ് താരങ്ങള്‍

By Gopala krishnanFirst Published Sep 11, 2022, 11:20 AM IST
Highlights

എന്നാല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി ഫിഞ്ച് മടങ്ങി. 13 പന്തില്‍ അ‍ഞ്ച് റണ്‍സ് മാത്രമെടുത്ത ഫിഞ്ചിനെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായാണ് ഫിഞ്ച് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചത്.

മെല്‍ബണ്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഓസ്ട്രേലിയ നായകന്‍ ആരോൺ ഫിഞ്ചിന് വിടവാങ്ങല്‍ മത്സരത്തിലും നിരാശ. ന്യുസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയ ഫിഞ്ചിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ ഗ്രൗണ്ടിലേക്ക് വരവേറ്റത്.

എന്നാല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി ഫിഞ്ച് മടങ്ങി. 13 പന്തില്‍ അ‍ഞ്ച് റണ്‍സ് മാത്രമെടുത്ത ഫിഞ്ചിനെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായാണ് ഫിഞ്ച് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിനക്രിക്കറ്റിൽ സമീപകാലത്ത് മോശം ഫോം തുടരുന്നതിനിടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഈ വർഷം 13 ഏകദിന മത്സരങ്ങളിൽ 169 റൺസ് മാത്രമാണ് ഫിഞ്ചിന്‍റെ സമ്പാദ്യം. അഞ്ച് മത്സരങ്ങളിലും പൂജ്യത്തിനാണ് ഫിഞ്ച് പുറത്തായത്.  ഓസ്ട്രേലിയക്കായി ഏറ്റവുമധികം ഏകദിനസെഞ്ച്വറി നേടിയ നാലാമത്തെ താരമാണ് ആരോൺ ഫിഞ്ച്. 17 സെഞ്ച്വറികളാണ് ഫിഞ്ച് ഇതുവരെ നേടിയത്.

ആരാണീ ഉര്‍വശി റൗട്ടേല, ട്രോളുകള്‍ക്ക് മറുപടിയുമായി പാക് പേസര്‍ നസീം ഷാ-വീഡിയോ

ഓസ്ട്രേലിയക്കായി 146 ഏകദിനങ്ങളില്‍ കളിച്ച ഫിഞ്ച് 142 ഇന്നിംഗ്സില്‍ 38.89 ശരാശരിയില്‍ 5406 റണ്‍സ് നേടി. 17 സെഞ്ചുറികള്‍ക്ക് പുറമെ 30 അര്‍ധസെഞ്ചുരികളും ഫിഞ്ച് നേടി. ഏകദിനത്തില്‍ നാലു വിക്കറ്റുകളും ഫിഞ്ചിന്‍റെ പേരിലുണ്ട്. 2018ല്‍ സ്റ്റീവ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടതിനെത്തുടര്‍ന്നാണ് ഫിഞ്ച് നായക സ്ഥാനം ഏറ്റെടുത്തത്.

Classy stuff from the Black Caps as Aaron Finch makes his way to the middle pic.twitter.com/LMawJThq7t

— cricket.com.au (@cricketcomau)

ഓസ്ട്രേലിയ ആതിഥേയരാകുന്ന അടുത്ത മാസം നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഫിഞ്ച് തന്നെയാണ് ഓസ്ട്രേലിയയെ നയിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് മുൻപ് എട്ട് ട്വന്‍റി 20 മത്സരങ്ങളും സന്നാഹമത്സരങ്ങളും ഓസ്ട്രേലിയക്ക് കളിക്കാനുണ്ട്. ഇതില്‍ ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഉള്‍പ്പെടുന്നു. ന്യുസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ഓസ്ട്രേലിയ ജയിച്ചിരുന്നു.

click me!