അഭിഷേക് തന്‍റെ പുറത്താകലുകളിൽ നിന്ന് ഒന്നും പഠിക്കുന്നില്ല. ശരീരത്തിനോട് ചേർന്നെറിയുന്ന പന്തുകളില്‍ ബൗളർമാർ അവനെ കുടുക്കുകയാണ്.

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ ഇറങ്ങുമ്പോള്‍ ടീമിൽ അഴിച്ചുപണി വേണമെന്ന് നിര്‍ദേശിച്ച് മുന്‍ താരം സുനില്‍ ഗവാസ്കര്‍. തുടർച്ചയായി പരാജപ്പെട്ട ഓപ്പണർ അഭിഷേക് ശർമയെ ഫൈനലിൽ പുറത്തിരുത്തണമെന്നാണ് ഗവാസ്കറുടെ പക്ഷം. പഠിക്കാത്ത ലോക ഒന്നാം നമ്പർ ടി20 ബാറ്ററാണെങ്കിലും അഭിഷേക് തന്‍റെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്ന് ഗവാസ്കർ കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

അഭിഷേക് തന്‍റെ പുറത്താകലുകളിൽ നിന്ന് ഒന്നും പഠിക്കുന്നില്ല. ശരീരത്തിനോട് ചേർന്നെറിയുന്ന പന്തുകളില്‍ ബൗളർമാർ അവനെ കുടുക്കുകയാണ്. ഒരേ രീതിയിൽ തന്നെ വീണ്ടും വീണ്ടും പുറത്താകുന്നത് ആശങ്കാജനകമാണെന്നും ഗവാസ്കർ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഈ ടൂർണമെന്‍റിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ നിന്ന് വെറും 12.71 ശരാശരിയിൽ 89 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഇതിൽ മൂന്ന് തവണ താരം പൂജ്യത്തിന് പുറത്തായി എന്നതും ശ്രദ്ധേയമാണ്.

അഭിഷേകിന് പകരം സഞ്ജു സാംസണിനൊപ്പം ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും ഗവാസ്കര്‍ പറഞ്ഞു. മധ്യനിര ശക്തിപ്പെടുത്താൻ റിങ്കു സിംഗിനെ ടീമിൽ ഉൾപ്പെടുത്തണം. റിങ്കുവിന് ആത്മവിശ്വാസമുണ്ട്, ചിലർക്ക് കാര്യങ്ങൾ അനുകൂലമായി വരും-ഗവാസ്കർ കൂട്ടിച്ചേർത്തു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 60-ലേറെ റൺസ് വഴങ്ങിയ വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു. സൂപ്പർ 8 ഘട്ടം മുതൽ വരുണിന്‍റെ ആത്മവിശ്വാസം തകർന്ന നിലയിലാണ്. അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് വലിയ ബൗണ്ടറികളാണുള്ളത്. ഫ്ലാറ്റ് പിച്ചുകളിൽ പോലും പന്ത് തിരിക്കാൻ ശേഷിയുള്ള കുൽദീപ് യാദവ് അവിടെ മികച്ച ഓപ്ഷനായിരിക്കും. വരുണിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ, കുൽദീപിനെപ്പോലൊരു അനുഭവസമ്പത്തുള്ള ബൗളർ വരുന്നത് ടീമിന് കൂടുതൽ കരുത്ത് പകരുമെന്നും ഗവാസ്കര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക