
ജൊഹന്നസ്‌ബര്‍ഗ്: ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പിന് പിച്ചുണരുമ്പോള്‍ തീയില്‍ കുരുത്ത ദക്ഷിണാഫ്രിക്കയുടെ പേരാളി എ ഡി ഡിവില്ലിയേഴ്‌സ് കളിക്കളത്തിലില്ല. കഴിഞ്ഞ ലോകകപ്പില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി മൈതാനം വിട്ട എബിഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇതിനകം വിരമിച്ചിരിക്കുന്നു. എങ്കിലും ഈ ലോകകപ്പിനായി ഏതൊരു ക്രിക്കറ്റ് ആരാധകനെയും പോലെ കാത്തിരിക്കുകയാണ് ഇതിഹാസ ബാറ്റ്സ്‌മാന്‍.
ലോകകപ്പിലെ ഫേവറേറ്റുകളെ കുറിച്ച് എബിഡിയുടെ വാക്കുകള്‍ ഇങ്ങനെ. മറ്റ് ലോകകപ്പുകള്‍ പോലെ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണയും സാധ്യതയുണ്ട്. തങ്ങളുടേത് നിരവധി മാച്ച് വിന്നിംഗ് താരങ്ങളുള്ള ലോകോത്തര ടീമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയല്ല ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ടീം. ഇന്ത്യയും ഇംഗ്ലണ്ടും ശക്തരാണ്. അഞ്ച് ലോകകപ്പുകള്‍ നേടിയ ടീമാണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടില്‍ രണ്ട് വര്‍ഷം മുന്‍പ് ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമാണ് പാക്കിസ്ഥാന്‍. ഈ നാലും ടീമുകളുമാണ് കിരീട സാധ്യതയില്‍ മുന്നില്‍.
ലോകകപ്പ് കടുപ്പമേറിയ ടൂര്‍ണമെന്‍റാണ്. മൂന്ന് ലോകകപ്പുകള്‍ കളിച്ച തനിക്ക് അതൊന്നും എളുപ്പമായിരുന്നില്ല. മികച്ച സ്‌ക്വാഡാണ് തങ്ങളുടേത് എന്നായിരിക്കും ടീമുകളുടെ ധാരണ. എന്നാല്‍ കപ്പുയര്‍ത്താന്‍ കരുത്തുള്ള നിരവധി ടീമുകളുണ്ടെന്ന് ലോകകപ്പ് തുടങ്ങിക്കഴിയുമ്പോള്‍ തിരിച്ചറിയാമെന്നും വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ പറയുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി എതിര്‍ ടീമുകള്‍ക്ക് വലിയ തലവേദനയാകുമെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!