'ഉറക്കഗുളികകള്‍ കഴിച്ചിരുന്നു, 66 പന്തില്‍ 162* അടിച്ചത് തലേന്ന് ഉറങ്ങാതെ'; ആങ്‌സൈറ്റി തുറന്നുപറഞ്ഞ് എബിഡി

Published : Jul 20, 2023, 05:33 PM ISTUpdated : Jul 20, 2023, 05:46 PM IST
'ഉറക്കഗുളികകള്‍ കഴിച്ചിരുന്നു, 66 പന്തില്‍ 162* അടിച്ചത് തലേന്ന് ഉറങ്ങാതെ'; ആങ്‌സൈറ്റി തുറന്നുപറഞ്ഞ് എബിഡി

Synopsis

വിന്‍ഡീസിനെ അടിച്ച് നിലംപരിശാക്കിയതിന്‍റെ തലേന്ന് 2-3 മണിക്കൂറേ ഉറങ്ങിയുള്ളൂ, വെളുപ്പിന് 3 മണിക്ക് ഡോക്‌ടറെ വിളിച്ച് ഇഞ്ചക്ഷന്‍ എടുത്തു, മാനസികസമ്മര്‍ദം അത്രത്തോളം അലട്ടിയിരുന്നു എന്നും ഡിവില്ലിയേഴ്‌സ് 

കേപ്‌ടൗണ്‍: കായിക താരങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിയും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സും വനിതാ ക്രിക്കറ്റ‍ര്‍ സാറ ടെയ്‌ലറുമൊക്കെ പലകുറി ഇതിനെ കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിച്ചു. സമകാലിക ക്രിക്കറ്റ് ഇതിഹാസമായ എ ബി ഡിവില്ലിയേഴ്‌സും കരിയറിനിടെ താന്‍ നേരിട്ടിരുന്ന ആങ്‌സൈറ്റിയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ബിഗ് മാച്ചുകള്‍ തന്നെ മാനസികമായി ഏറെ അലട്ടിയിരുന്നു എന്നാണ് എബിഡിയുടെ വാക്കുകള്‍. മത്സരങ്ങള്‍ക്ക് തലേന്ന് രാത്രി ഉറങ്ങാന്‍ ഉറക്കഗുളികകള്‍ കഴിച്ചിരുന്നതായി വെളിപ്പെടുത്തിയ എബിഡി, എന്നാല്‍ അതിന് അടിമപ്പെടാന്‍ പാടില്ല എന്നും അത്‌ലറ്റുകളെ ഉപദേശിച്ചു. 

ക്രിക്കറ്റ് ലോകത്തിന് 360 ഡിഗ്രി ഷോട്ടുകള്‍ പരിചയപ്പെടുത്തിയ ഇതിഹാസ താരമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എ ബി ഡിവില്ലിയേഴ്‌സ്. മൈതാനത്ത് യാതൊരു മാനസികസമ്മര്‍ദവും കാണിക്കാതെ ബൗളര്‍മാരെ നിഷ്‌ഠൂരമായി പ്രഹരിച്ചിരുന്ന ബാറ്ററായിരുന്ന എബിഡി പോലും ആങ്‌സൈറ്റിയോട് പടവെട്ടിയാണ് കളിക്കാനിറങ്ങിയിരുന്നത് എന്ന വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ആരാധക‍ര്‍ക്ക് അവിശ്വസനീയമാണ്. കരിയറില്‍ അതിജീവിച്ച ആങ്‌സൈറ്റിക്കാലത്തെ കുറിച്ച് അദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.

'ഉറക്കഗുളികകള്‍ കഴി‍ച്ചിരുന്നു'...

'എനിക്ക് ഇത്തരം കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. കാരണം ബിഗ് മാച്ചുകള്‍ക്ക് മുമ്പ് ഉറങ്ങാന്‍ ഞാനേറെ ബുദ്ധിമുട്ടിയിരുന്നു. ഉറങ്ങാന്‍ ഉറക്കഗുളികകളാണ് സഹായിച്ചത്. 2015 ലോകകപ്പിലെ മത്സരം എനിക്ക് ഓര്‍മ്മയുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചതിന് തൊട്ടുമുമ്പുള്ള രാത്രിയായിരുന്നു അത്. ഞാനന്ന് വളരെ അപ്രതീക്ഷിതമായി സെഞ്ചുറി നേടി. എന്‍റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്നായിരുന്നു അത്. എന്നാല്‍ ആ ഇന്നിംഗ്‌സിന് മുമ്പുള്ള രാത്രി 2-3 മണിക്കൂറുകള്‍ മാത്രമേ ഞാനുറങ്ങിയിരുന്നുള്ളൂ. ഉറങ്ങാന്‍ കഴിയാതിരുന്നിട്ട് രാത്രി 3 മണിക്ക് ഡോക്ടറെ വിളിച്ച് ഇഞ്ചക്ഷന്‍ എടുത്തു. തീര്‍ച്ചയായും ജയിക്കേണ്ടിയിരുന്ന ആ മത്സരത്തെ കുറിച്ച് ചിന്തിച്ച് ആങ്‌സൈറ്റിയും സ്ട്രെസും കാരണം വയറിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. വലിയ മത്സരങ്ങള്‍ക്ക് മുമ്പെല്ലാം ഉറക്ക ഗുളികള്‍ കഴിക്കേണ്ടിവന്നു. എന്നാല്‍ അതിന് അടിമയായില്ല. കഴിഞ്ഞ 5-7 വ‍ര്‍ഷമായി എന്‍റെ മാനസികാരോഗ്യത്തില്‍ പുരോഗതിയുണ്ട്. 

2010-11 കാലത്താണ് മാനസികസമ്മര്‍ദ പ്രശ്‌നങ്ങള്‍ എനിക്ക് ആരംഭിച്ചത്. നിങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ കുറിച്ച് ആരോടെങ്കിലും സംസാരിക്കണം. എനിക്ക് കരിയറില്‍ കഴിയാതിരുന്ന കാര്യമായിരുന്നു അത്. ക്യാപ്റ്റനോടോ കോച്ചിനോടോ ഇക്കാര്യം സംസാരിച്ചില്ല. എന്നാല്‍ അനുഭവിച്ച ആങ്‌സൈറ്റിയെ കുറിച്ച് തുറന്നുപറയുന്നതില്‍ ഇപ്പോള്‍ അഭിമാനമേയുള്ളൂ. നന്നായി ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക. നല്ലൊരു രാത്രി വിശ്രമം മികച്ചൊരു അടുത്ത ദിവസം നിങ്ങള്‍ക്ക് സമ്മാനിക്കും' എന്നും എബിഡി പറഞ്ഞു. 

വിശ്വസിക്കാനാവാതെ ആരാധക‍ര്‍

എബിഡി ഉറങ്ങാന്‍ പ്രയാസപ്പെട്ട 2015ലെ രാത്രിയുടെ തൊട്ടടുത്ത പകലിലാണ് ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പിറന്നത്. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ഡിവില്ലിയേഴ്‌സ് അന്ന് 66 പന്തില്‍ 17 ഫോറും 8 സിക്‌സുകളും സഹിതം പുറത്താവാതെ 162* റണ്‍സെടുത്തു. സമകാലിക ബാറ്റിംഗ് ജീനിയസായ എ ബി ഡിവില്ലിയേഴ്‌സ് 114 ടെസ്റ്റില്‍ 8765 ഉം 228 ഏകദിനങ്ങളില്‍ 9577 ഉം 78 രാജ്യാന്തര ടി20കളില്‍ 1672 ഉം റണ്‍സ് നേടിയ ശേഷം 2018ല്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഏകദിനത്തില്‍ 25 ഉം ടെസ്റ്റില്‍ 22 ഉം സെ‌ഞ്ചുറികള്‍ താരത്തിനുണ്ട്. 

Read more: എമ്മാതിരി റിഫ്ലക്‌സ്; പതിറ്റാണ്ടിന്‍റെ ഒറ്റകൈയന്‍ ക്യാച്ചുമായി പാക് താരം- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല