ആ തോല്‍വി ഉലച്ചു കളഞ്ഞു; വിരമിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ഡിവില്ലിയേഴ്സ്

By Web TeamFirst Published Jul 1, 2020, 10:48 PM IST
Highlights

അതൊരു തോല്‍വി മാത്രമായി കണ്ട് അടുത്ത മത്സരത്തിന് തയാറെടുപ്പ് നടത്തേണ്ടതാണ്. എന്തുകൊണ്ടോ അങ്ങനെ ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ജൊഹാനസ്ബര്‍ഗ്: 2015 ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയാണ് തന്റെ വിരമിക്കല്‍ നേരത്തെയാകാന്‍ കാരണമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ്. ആ തോല്‍വി തന്നെ ഉലച്ചുകളഞ്ഞു അതിനുശേഷമുള്ള ഒരുവര്‍ഷം കഠിനമായിരുന്നുവെന്നും ഡിവില്ലിയേഴ്സ് ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വ്യക്തിപരമായ അഭിപ്രായത്തില്‍ 2015ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ തോല്‍വി എന്റെ വിരമിക്കല്‍ നേരത്തെയായതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. സ്പോര്‍ട്സില്‍ ജയവും തോല്‍വിയുമൊക്കെ സാധാരണമാണ്. പക്ഷെ എന്തുകൊണ്ടോ അന്ന് എനിക്ക് ആ തോല്‍വി അംഗീകരിക്കാനായില്ല. വീണ്ടും ടീം അംഗങ്ങളെ അഭിമുഖീകരിക്കുന്നതിന് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. കാരണം ആ തോല്‍വി എന്നെ അത്രമാത്രം വേദനിപ്പിച്ചിരുന്നു.



അതൊരു തോല്‍വി മാത്രമായി കണ്ട് അടുത്ത മത്സരത്തിന് തയാറെടുപ്പ് നടത്തേണ്ടതാണ്. എന്തുകൊണ്ടോ അങ്ങനെ ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ വളരെ വൈകാരികമായി ചിന്തിക്കുന്ന ആളാണ്. അതുകൊണ്ടാകാം ഇത്തരം വിഷമങ്ങള്‍ എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നത്.

അന്ന് കോച്ചിനോടും ടീം അംഗങ്ങളോടും തുറന്നു സംസാരിച്ചിരുന്നെങ്കില്‍ എനിക്ക് കുറച്ചുകൂടി ആശ്വാസം ലഭിക്കുമായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിപ്പോയി. ഇപ്പോഴായിരുന്നെങ്കില്‍ ഒരുപക്ഷെ ഞാനതെല്ലാം എല്ലാവരോടും സംസാരിക്കാന്‍ തയാറാവുമായിരുന്നു. പക്ഷെ അന്ന് ഞാനത് ചെയ്തില്ല-ഡിവില്ലിയേഴ്സ് പറഞ്ഞു. മഴമൂലം 43 ഓവറാക്കി ചുരുക്കിയ ലോകകപ്പ് സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 43 ഓവറില്‍ അഞ്ച് വിക്കറ്റിന് 281 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലവു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.



2018ല്‍ 34-ാം വയസിലാണ് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കല്‍ പിന്‍വലിച്ച് 2019ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ഡിവില്ലിയേഴ്സ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അത് നിരസിച്ചിരുന്നു. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ഡിവില്ലിയേഴ്സിനെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പുതിയ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

click me!