
പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസിസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകാനിരിക്കെ ഇന്ത്യന്‍ യുവതാരത്തെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ പ്രകടനം ഐപിഎല്ലില്‍ കണ്ടപ്പോഴെ വളരെ സ്പെഷ്യലാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ വേറിട്ടു നിന്ന പ്രകടനം യശസ്വി ജയ്‌സ്വാളിന്‍റേത് ആയിരുന്നു. ആദ്യ ടെസ്റ്റില്‍ തന്നെ യുവതാരം വലിയ സെഞ്ചുറി നേടുക എന്നത് എല്ലായ്പ്പോഴും സംഭവിക്കുന്ന കാര്യമല്ല. അതാണ് യശസ്വി അടിച്ചെടുത്തത്. ഐപിഎല്ലിലാണ് അവന്‍റെ പ്രകടനം ഞാനാദ്യമായി കാണുന്നത്. അപ്പോഴെ എനിക്ക് മനസിലായി അവനിലെന്തോ പ്രത്യേകതയുണ്ടെന്ന്. ഓരോ പന്തും കളിക്കാന്‍ മറ്റ് ബാറ്റര്‍മാരെക്കാള്‍ സമയം അവന് കിട്ടുന്നുണ്ട്.
അവന് മുന്നില്‍ ഇനിയും ഒരുപാട് സമയമുണ്ട്. നല്ല ഉയരമുള്ള ഇടം കൈയന്‍ ബാറ്റററാണ് അവന്‍. അതുകൊണ്ടുതന്നെ പേസിനെയും സ്പിന്നിനെയും അവന് ഒരുപോലെ കളിക്കാനാവും. പ്രതിഭയുള്ള യുവതാരവും ഭാവിയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകേണ്ട താരവുമാണ് യശസ്വി. അവന്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയെന്നതില്‍ സന്തോഷമുണ്ടെന്നും ഡിവില്ലിയേഴ്സ് യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.
അരങ്ങേറ്റത്തിനൊരുങ്ങി യുവതാരം; വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ യശസ്വി ഡൊമനിക്കയിലെ സ്ലോ പിച്ചില്‍ ക്ഷമയോടെ ബാറ്റ് ചെയ്ത് 387 പന്തുകളില്‍ 171 റണ്‍സടിച്ചിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന പതിനേഴാമത്തെ ബാറ്ററും മൂന്നാമത്തെ ഓപ്പണറുമായ യശസ്വി വിദേശത്ത് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടവും സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്.