ആ താരത്തെ ടീമിലെടുത്താല്‍ ടീം വിടുമെന്ന് ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തല്‍

By Web TeamFirst Published Aug 14, 2020, 3:27 PM IST
Highlights

പരമ്പരയ്ക്കിടെ പരുക്കേറ്റ ജെ.പി. ഡുമിനിക്കു പകരം ദക്ഷിണാഫ്രിക്കയിൽനിന്ന് വിളിച്ചുവരുത്തിയ ഡീൻ എൽഗറാണ് പിന്നീട് അഞ്ചാം ഏകദിനത്തിൽ കളിച്ചത്. തുടക്കം മുതൽ ടീമിനൊപ്പമുണ്ടായിരുന്ന സോൻഡോയ്ക്ക് കളത്തിലിറങ്ങാൻ അവസരം ലഭിച്ചതുമില്ല.

ജൊഹാനാസ്ബർഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സിനെതിരെ വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സിഎസ്എ) മുൻ പ്രസിഡന്റ് നോർമൻ ആരെൻഡ്സെ. 2015ലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ  ഇന്ത്യ‍ൻ പര്യടനത്തിനിടെ കറുത്ത വര്‍ഗക്കാരനായ ഖയ സോൻഡോയെ ടീമിലെടുത്താല്‍ ഇന്ത്യന്‍ പര്യടനം ബഹിഷ്കരിക്കുമെന്ന് ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയെന്നാണ് നോർമൻ ആരെൻഡ്സെ വെളിപ്പെടുത്തിയത്.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിന് തലേന്ന് സാധ്യതാ ഇലവൻ തയാറാക്കിയപ്പോൾ അതിൽ സോൻഡോയുടെ പേരും ഉൾപ്പെട്ടിരുന്നുവെന്നാണ് ആരെൻഡ്സെയുടെ വെളിപ്പെടുത്തൽ. താരത്തെ സംബന്ധിച്ച് രാജ്യാന്തര അരങ്ങേറ്റത്തിനുള്ള അവസരമായിരുന്നു അത്. എന്നാൽ, പിറ്റേന്ന് കളിക്കാനിറങ്ങിയപ്പോൾ സോൻഡോ പുറത്തായി. ടീം കളത്തിലിറങ്ങുന്നതിനു മണിക്കൂറുകൾക്കു മുൻപു മാത്രം സോൻഡോയെ അന്തിമ ഇലവനിൽനിന്ന് ഒഴിവാക്കിയത് അനീതിയും ദക്ഷിണാഫ്രിക്കയുടെ സെലക്ഷന്‍ നയങ്ങള്‍ക്ക് നിരക്കാത്തതുമാണെന്നും ആരെൻഡ്സെ പറഞ്ഞു.


പരമ്പരയ്ക്കിടെ പരുക്കേറ്റ ജെ.പി. ഡുമിനിക്കു പകരം ദക്ഷിണാഫ്രിക്കയിൽനിന്ന് വിളിച്ചുവരുത്തിയ ഡീൻ എൽഗറാണ് പിന്നീട് അഞ്ചാം ഏകദിനത്തിൽ കളിച്ചത്. തുടക്കം മുതൽ ടീമിനൊപ്പമുണ്ടായിരുന്ന സോൻഡോയ്ക്ക് കളത്തിലിറങ്ങാൻ അവസരം ലഭിച്ചതുമില്ല. പിന്നീട് മൂന്നു വർഷങ്ങൾക്കുശേഷം 2018 ഫെബ്രുവരിയിൽ സെഞ്ചൂറിയനിൽവച്ച് ഇന്ത്യയ്‌ക്കെതിരെ തന്നെയാണ് സോൻഡോ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ കളിക്കാൻ കഴിഞ്ഞത് അഞ്ച് ഏകദിനങ്ങളിൽ മാത്രം. ഡുമിനിക്കു പകരക്കാരനായി ദക്ഷിണാഫ്രിക്കയിൽനിന്ന് വിളിച്ചുവരുത്തി കളത്തിലിറക്കിയ എൽഗർ അതിനു മുൻപു കളിച്ചിരുന്നത് അഞ്ച് ഏകദിനങ്ങളിൽ മാത്രം. അതിനുശേഷം ദക്ഷിണാഫ്രിക്ക കളിച്ച 70 ഏകദിനങ്ങളിൽ അദ്ദേഹത്തെ പരിഗണിച്ചിരുന്നുമില്ല.

അഞ്ചാം ഏകദിനത്തിൽ സോൻഡോയെ കളിപ്പിച്ചാൽ ടീം വിടുമെന്ന് ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയത് വൻ വിവാദമായി. പരമ്പരയ്ക്കു ശേഷം ടീമിലെ കറുത്ത വർഗക്കാരായ താരങ്ങൾ ചേർന്ന് ‘ബ്ലാക്ക് പ്ലേയേഴ്സ് യൂണിറ്റി’ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോൻഡോയുമായി ബന്ധപ്പെട്ട വിവാദത്തിൽ ദക്ഷിണാഫ്രിക്കൻ ബോർഡിന് കത്തയച്ചു. വംശീയായ പ്രശ്നങ്ങളെ നേരിടാൻ നടപ്പാക്കിയ സംവരണ തീരുമാനപ്രകാരം നിശ്ചിത എണ്ണം കറുത്തവർഗക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അവരെ ടീമംഗങ്ങൾക്ക് വെള്ളം ചുമക്കാൻ മാത്രം നിയോഗിക്കുന്നുവെന്നായിരുന്നു ആക്ഷേപം. സോൻഡോയുടെ ഉദാഹരണവും അവർ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ താരം ആഷ‌വെൽ പ്രിൻസും അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

2015ലെ സെമിയില്‍ കെയ്ല്‍ ആബട്ടിന് പകരം വെര്‍നോണ്‍ ഫിലാന്‍ഡറെ കളിപ്പിക്കാന്‍ ഡിവില്ലിയേഴ്സ് നിര്‍ബന്ധിതനാവുകയായിരുന്നുന്ന് ഡിവില്ലിയേഴ്സ് നേരത്തെ തന്റെ ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു.ഇപ്പോള്‍ വിവാദമുയര്‍ന്നെങ്കിലും ഇന്ത്യക്കെതിരായ പരമ്പര ദക്ഷിണാഫ്രിക്ക എന്നും ഓര്‍ത്തിരിക്കും. ടി20 പരമ്പര 2-0ന് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര 3-2ന് സ്വന്തമാക്കിയിരുന്നു. 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ തോറ്റശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുമ്പോഴാണ് ഡിവില്ലിയേഴ്സിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഏകദിന, ടി20 പരമ്പര സ്വന്തമാക്കിയത്. 

click me!