സഞ്ജു സാംസണ് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ഇനി റിയാന്‍ പരാഗ് നയിക്കും. സീനിയര്‍ താരം രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ പിന്തള്ളിയാണ് ടീം മാനേജ്‌മെന്റ് പരാഗിനെ 2026 സീസണിലേക്കുള്ള ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.

ജയ്പൂര്‍: സഞ്ജു സാംസണ് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. ഐപിഎല്‍ 2026 സീസണ് മുന്നോടിയായി രാജസ്ഥാന്‍ പരാഗിനെ ക്യാപ്റ്റനായി ഔദ്യോഗികമായി അവതരിപ്പിച്ചു. സീനിയര്‍ താരം രവീന്ദ്ര ജഡേജയെയും യുവതാരം യശസ്വി ജയ്‌സ്വാളിനെയും തഴഞ്ഞാണ് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ പിന്‍ഗാമിയെ കണ്ടെത്തിയത്. മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര ടീമിലെ താരങ്ങളുമായി അഭിമുഖം നടത്തിയാണ് പുതിയ ക്യാപ്റ്റനായി റിയാന്‍ പരാഗിന്റെ പേര് നിര്‍ദേശിച്ചതെന്ന് 'ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്തു. ജയ്‌സ്വാളിനും പരാഗിനുമൊപ്പം യുവതാരം ധ്രുവ് ജുറെലിനെയും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

സഞ്ജുവിന്റെ പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനത്ത് സീനിയര്‍ താരം രവീന്ദ്ര ജഡേജയോ യശസ്വി ജയ്സ്വാളോ എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ജഡേജയെ ടീമിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയ്സ്വാളാകാട്ടെ രാജസ്ഥാന്‍ നായകനാവാനുള്ള ആഗ്രഹം മുമ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിനെ നയിക്കാന്‍ യുവതാരമായ പരാഗാണ് നല്ലതെന്ന് ടീം മാനേജ്മെന്റ് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

View post on Instagram

ചെന്നൈയില്‍ നിന്ന് ട്രേഡിംഗിലൂടെ എത്തിയ രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തിനെക്കാള്‍ പരാഗിന്റെ യുവത്വത്തിനാണ് സംഗക്കാര മുന്‍ഗണന നല്‍കിയത്. ഇതാദ്യമായല്ല പരാഗ് രാജസ്ഥാന്റെ നായകനാകുന്നത്. കഴിഞ്ഞ സീസണുകളില്‍ സഞ്ജു പരിക്കിന്റെ പിടിയിലായപ്പോള്‍ 8 മത്സരങ്ങളില്‍ പരാഗ് ടീമിനെ നയിച്ചിരുന്നു. അന്ന് ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത പരാഗ്, കൊല്‍ക്കത്തയ്‌ക്കെതിരെ 95 റണ്‍സെടുത്ത് തിളങ്ങുകയും ചെയ്തു. എന്നാല്‍ പരാഗ് നയിച്ച 8 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ രാജസ്ഥാന് ജയിക്കാനായുള്ളു.

11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ വിട്ടത്. പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റത്തിലൂടെ 18 കോടി രൂപക്ക് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയപ്പോള്‍ പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി. സഞ്ജുവിന്റെ കീഴില്‍ 2022-ല്‍ രാജസ്ഥാന്‍ റണ്ണറപ്പുകളായിരുന്നു.

YouTube video player