
നാഗ്പൂര്‍:ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 35 പന്തില്‍ 84 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ട് ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ടി20 ചരിത്രത്തില്‍ 25ൽ കുറവ് പന്തുകളില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധസെഞ്ചുറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. എട്ടാം തവണയാണ് അഭിഷേക് 25ൽ താഴെയുള്ള പന്തുകളില്‍ അര്‍ധസെഞ്ചുറി അടിക്കുന്നത്. ഏഴ് തവണ വീതം 25ല്‍ കുറവ് പന്തുകളില്‍ അര്‍ധസെഞ്ചുറി തികച്ചിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെയും വെസ്റ്റ് ഇന്‍ഡീസിന്‍റെ എൽവിന്‍ ലൂയിസിന്‍റെയും റെക്കോര്‍ഡാണ് അഭിഷേക് മറികടന്നത്.
ഇതിനുപുറമെ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും ഇന്ന് അഭിഷേക് അടിച്ചെടുത്തു. 2020ല്‍ ഓക്‌ലാന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ 23 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ കെ എല്‍ രാഹുലിനെയും 2020ല്‍ ഹാമില്‍ട്ടണില്‍ 23 പന്തില്‍ അർധസെഞ്ചുറി തികച്ച മുന്‍ നായകന്‍ രോഹിത് ശര്‍മയെയുമാണ് അഭിഷേക് പിന്നിലാക്കിയത്. ഇന്നിംഗ്സിലാകെ എട്ട് സിക്സ് പറത്തിയ അഭിഷേക് ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന രണ്ടാമത്തെ ബാറ്ററായി.
2012ല്‍ 13 സിക്സ് അടിച്ച റിച്ചാര്‍ഡ് ലെവിയാണ് ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ ബാറ്റര്‍. രണ്ടാം സ്ഥാനത്ത് എട്ട് സിക്സുകളുമായി അഭിഷേകിനൊപ്പമുള്ളത് സാക്ഷാല്‍ കെയ്റോണ്‍ പൊള്ളാര്‍ഡാണ്. ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. പവര്‍ പ്ലേയില്‍ തന്നെ സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും നഷ്ടമായി പതറിയ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ 99 റണ്‍സടിച്ച അഭിഷേക്-സൂര്യകുമാര്‍ സഖ്യമാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. സൂര്യകുമാര്‍ യാദവ് 22 പന്തില് 32 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 20 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന റിങ്കു സിംഗിന്‍റെ ഫിനിഷിംഗ് ഇന്ത്യയെ 238ല്‍ എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!