അരങ്ങേറ്റത്തില്‍ ഏഴ് വിക്കറ്റ് പ്രകടനം; പാകിസ്ഥാന്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് പട്ടികയില്‍ അബ്രാര്‍ അഹമ്മദും

By Web TeamFirst Published Dec 9, 2022, 4:14 PM IST
Highlights

ഏഴ് വിക്കറ്റ് പ്രകടനത്തോടെ പാകിസ്ഥാന്റെ ഒരു റെക്കോര്‍ഡ് പട്ടികയിലും താരം ഇടംപിടിച്ചു. പാകിസ്ഥാനായി അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് അബ്രാര്‍.

മുള്‍ട്ടാന്‍: അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് പ്രകടനവുമായി വിസ്മയിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ മിസ്റ്ററി സ്പിന്നര്‍ അബ്രാര്‍ അഹമ്മദ്. 22 ഓവറില്‍ 114 റണ്‍സ് വിട്ടുകൊടുത്താണ് താരം ഏഴ് വിക്കറ്റെടുത്തത്. താരത്തിന്റെ സ്പിന്‍ കരുത്തില്‍ ഇംഗ്ലണ്ട് 281ന് പുറത്താവുകയും ചെയ്തു. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് സഹിദ് മഹ്മൂദാണ്. ബെന്‍ ഡക്കറ്റ് (63), ഒല്ലി പോപ് (60) എന്നിവരാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍.

ഏഴ് വിക്കറ്റ് പ്രകടനത്തോടെ പാകിസ്ഥാന്റെ ഒരു റെക്കോര്‍ഡ് പട്ടികയിലും താരം ഇടംപിടിച്ചു. പാകിസ്ഥാനായി അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് അബ്രാര്‍. ഇക്കാര്യത്തില്‍ മുഹമ്മദ് സഹിദാണ് ഒന്നാമന്‍. 1996ല്‍ ന്യൂസിലന്‍ഡിനെതിരായ അരങ്ങേറ്റത്തില്‍ 66 റണ്‍സിന് ഏഴ് വിക്കറ്റാണ് താരം വീഴ്്ത്തിയത്. 

മുഹമ്മദ് നാസിറാണ് രണ്ടാമന്‍. അദ്ദേഹവും ന്യൂസിലന്‍ഡിനെതിരെയാണ് അരങ്ങേറിയത്. 1969ല്‍ കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 99 റണ്‍സിനാണ് നാസിര്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ഇപ്പോള്‍ അബ്രാറും. 2018ല്‍ അരങ്ങേറിയ ബിലാല്‍ ആസിഫ് ഓസ്‌ട്രേലിയക്കെതിരെ 36 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് നേടിയത്. 1964ല്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറിയ ആരിഫ് ഭട്ടും പട്ടികയിലുണ്ട്. 89 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് താരം നേടിയത്. 

മൂന്നാം വിക്കറ്റില്‍ ഡക്കറ്റ്- പോപ് സഖ്യം കൂട്ടിചേര്‍ത്ത 89 റണ്‍സാണ് പാകിസ്ഥാന്‍ ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. ഇരുവരേയും അബ്രാര്‍ പുറത്താക്കി. ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഡക്കറ്റിന്റെ ഇന്നിംഗ്‌സ്. പോപ് അഞ്ച് ഫോര്‍ നേടി. ജോ റൂട്ട് (8), ഹാരി ബ്രൂക്ക് (9), വില്‍ ജാക്‌സ് (31) എന്നിവരാണ് അബ്രാറിന്റെ പന്തില്‍ കീഴടങ്ങിയ മറ്റുതാരങ്ങള്‍. ഒല്ലി റോബിന്‍സണ്‍ (5), ജാക്ക് ലീച്ച് (0), ജയിംസ് ആന്‍ഡേഴ്‌സണ്‍ (7) എന്നിവരെ സഹിദ് മഹ്മൂദ് പുറത്താക്കി.

അരങ്ങേറ്റം ഗംഭീരമാക്കി പാക് മിസ്റ്ററി സ്പിന്നര്‍ അബ്രാര്‍; ബൗള്‍ഡായിട്ടും അമ്പരപ്പ് മാറാതെ സ്റ്റോക്‌സ്- വീഡിയോ

click me!