
ധരംശാല: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെരായ തോല്‍വിയോടെ പഞ്ചാബ് കിംഗ്സിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. ആദ്യ ആറ് മത്സരങ്ങള്‍ ജയിച്ചശേഷം തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റതോടെയാണ് പഞ്ചാബിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ തുലാസിലായി. മുംബൈക്കെതിരായ തോല്‍വിക്കുശേഷവും 13 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെയാണെങ്കിലും 2 മത്സരങ്ങൾ ബാക്കിയുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത 62.8 ശതമാനത്തില്‍ നിന്ന് 42.7 ശതമാനമായി ഇടിഞ്ഞു. അവസാന രണ്ട് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലക്നൗ സൂപ്പര്‍ ജയന്‍റ്സുമാണ് പഞ്ചാബിന്‍റെ എതിരാളികൾ. ഈ രണ്ട് കളികളും ജയിച്ചാല്‍ പരമാവധി 17 പോയിന്‍റ് നേടാനെ ഇനി പപഞ്ചാബിനാവു.
അതേസമയം പഞ്ചാബിന്‍റെ തോല്‍വി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് സാധ്യത ഉയര്‍ത്തി. 12 പോയിന്‍റും മൂന്ന് കളികളും ബാക്കിയുള്ള ചെന്നൈ പ്ലേ ഓഫിലെത്താൻ 42.7 ശതമാനം സാധ്യതയുണ്ടായിരുന്നത് പഞ്ചാബിന്‍റെ തോല്‍വിക്കുശേഷം 47 ശതമാനമായി ഉയര്‍ന്നു. ഇന്ന് നടക്കുന്ന ലക്നൗവിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ചെന്നൈക്ക് 14 പോയിന്‍റുമായി പഞ്ചാബിനെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. അവസാന രണ്ട് കളികളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും ഗുജറാത്ത് ടൈറ്റൻസിനെയുമാണ് ചെന്നൈക്ക് നേരിടേണ്ടത് എന്നത് വെല്ലുവിളിയാണ്. പഞ്ചാബിന്‍റ തോല്‍വി ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ സാധ്യതയും ഉയര്‍ത്തിയിട്ടുണ്ട്. പഞ്ചാബിന്‍റെ തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത 41.9 ശതമാനത്തില്‍ നിന്ന് 47.1 ശതമാനമായി വര്‍ധിച്ചു. അവസാന മൂന്ന് കളികളില്‍ മുംബൈ, ഡല്‍ഹി, ലക്നൗ ടീമുകളെയാണ് നേരിടേണ്ടത് എന്നതും രാജസ്ഥാന് അനുകൂലമാണ്.
പഞ്ചാബ് തോറ്റതോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബിയുടെ സാധ്യത 92.6 ശതമാനത്തില്‍ നിന്ന് 94.5 ശതമാനമായി ഉയര്‍ന്നപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിന്‍റെ സാധ്യത 94.9 ശതമാനത്തിൽ നിന്ന് 96.6 ശതമാനമായി ഉയര്‍ന്നു. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫിലെത്താനുള്ള സാധ്യതയിലും വര്‍ധന വന്നിട്ടുണ്ട്. 92.6 ശതമാനത്തില്‍ നിന്ന് 67.4 ശതമാനമായാണ് ഉയര്‍ന്നത്. ആര്‍സിബിക്കെതിരെ കഴിഞ്ഞ ദിവസം തോറ്റതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത 11 ശതമാനത്തില്‍ നിന്ന് 1.8 ശതമാനമായി ഇടിഞ്ഞെങ്കിലം പഞ്ചാബിന്‍റെ തോല്‍വിയോടെ അത് 2.6 ശതമാനമായി ഉയര്‍ന്നു. പ്ലേ ഓഫിലെത്താന്‍ സാങ്കേതികമായി മാത്രം സാധ്യത അവശേഷിക്കുന്ന ഡല്‍ഹിയുടെ സാധ്യതകളില്‍ ഒരു ശതമാനമായിരുന്നത് 2.2 ശതമാനമായതാണ് മറ്റൊരു മാറ്റം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!