
ദില്ലി: ദില്ലിയിലെ ആശുപത്രിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ ഷാപൂർ സദ്രാൻ . അപൂർവമായ ഒരു രോഗം ബാധിച്ചതിനെ തുടർന്ന് ദില്ലിയിലെ ഒരു ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് താരം. ഷാപൂർ സദ്രാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 'ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്'എന്ന വളരെ അപൂർവമായ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണിത്. എന്നാൽ ഷാപൂരിന്റെ രോഗം നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്.
കഴിഞ്ഞ ജനുവരി 18 മുതലാണ് ഷാപൂർ സദ്രാനെ ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ തുടക്കത്തിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. ഫെബ്രുവരിയിൽ അസുഖം ഭേദമായി വന്നെങ്കിലും അണുബാധ രൂക്ഷമായതോടെ അവസ്ഥ വീണ്ടും വഷളായി. ഈ അണുബാധ തലച്ചോറിലേക്കും പടർന്നതോടെയാണ് ഷാപൂരിന്റെ നില അതീവ ഗുരുതരമായത്. കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂരിന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായത്. അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ, മികച്ച ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അഫ്ഗാൻ താരം റഷീദ് ഖാനും ഈ ആവശ്യത്തിന് പിന്തുണയുമായെത്തി.
തുടർന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും റഷീദ് ഖാനും ബിസിസിഐ സെക്രട്ടറി ജയ് ഷായോട് സഹായം അഭ്യർത്ഥിച്ചത്. റഷീദ് ഖാൻ തൻ്റെ ഐപിഎൽ ഫ്രാഞ്ചൈസി വഴിയും സഹായം തേടി. ഇതോടെയാണ് ഷാപൂരിന് ഇന്ത്യയിൽ ചികിത്സയ്ക്കായി വിസയും മറ്റ് സൗകര്യങ്ങളും വേഗത്തിൽ ലഭ്യമാക്കിയത്. നിലവിൽ സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഷാപൂർ. താരം വേഗം സുഖം പ്രാപിക്കാനുള്ള പ്രാർത്ഥനയിലാണ് കുടുംബവും ക്രിക്കറ്റ് പ്രേമികളും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!