- Home
- Sports
- Cricket
- സഞ്ജു തിരിച്ചെത്തും, ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാർത്ഥിവ് പട്ടേൽ
സഞ്ജു തിരിച്ചെത്തും, ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാർത്ഥിവ് പട്ടേൽ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വേണമെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ. മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്നും തിലക് വർമയെ ഫിനിഷർ റോളിൽ പരീക്ഷിക്കണമെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു.

മാറ്റം വേണം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിർണായകമായ നാലാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ബാറ്റിങ് നിരയിൽ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ.
സഞ്ജു വരണം
തുടർ തോൽവികൾക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് പാർത്ഥിവിന്‍റെ നിർദേശം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ച സഞ്ജുിവിന് അടുത്ത രണ്ട് കളികളിലും അവസരം ലഭിച്ചിരുന്നില്ല.
സഞ്ജു വരുമ്പോൾ പുറത്തിരിക്കേണ്ടക് തിലക് അല്ല
സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയാൽ തിലക് വർമയെ മാറ്റണമെന്ന് അഭിപ്രായത്തോട് പാർത്ഥിവിന് യോജിപ്പില്ല. തിലകിനെയല്ല മറിച്ച് ഓൾറൗണ്ടർ ശിവം ദുബെയെയാണ് പുറത്തിരുത്തേണ്ടതെന്ന് പാർത്ഥിവ് വ്യക്തമാക്കുന്നു.
സഞ്ജു ഓപ്പണറാവേണ്ട
ഇന്ത്യൻ ബാറ്റിങ് നിരയിലെ ആദ്യ ഏഴ് ബാറ്റർമാരിൽ ആറുപേരും ഇടങ്കയ്യൻമാരാണെന്നും ഇത് എതിരാളികള്‍ക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുവെന്നും പാർത്ഥിവ് ചൂണ്ടിക്കാട്ടി. ഗ്രൗണ്ടിന്‍റെ വലിപ്പം കൂടി പരിഗണിക്കുമ്പോൾ ഇത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഇത് മറികടക്കാൻ സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കണമെന്നും പാര്‍ഥിവ് പറഞ്ഞു.
ഇഷാനും തുടരണം
സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരടങ്ങുന്നതാകണം ഇന്ത്യയുടെ മധ്യനിരയെന്ന് പാര്‍ത്ഥിവ് പറഞ്ഞു. മത്സര സാഹചര്യം അനുസരിച്ച് ഇവരുടെ ബാറ്റിങ് ഓർഡറിൽ മാറ്റങ്ങൾ വരുത്താമെന്നും പാർത്ഥിവ് പട്ടേൽ വ്യക്തമാക്കി.
തിലകിന് പുതിയ റോള്‍
വൈസ് ക്യാപ്റ്റൻ കൂടിയായ തിലക് വർമയെ ആറാം നമ്പറിലേക്ക് ഇറക്കി ഒരു ഫിനിഷറുടെ റോളിൽ പരീക്ഷിക്കണമെന്നും, കൂടുതൽ ഓൾറൗണ്ടർമാരെ ഉൾപ്പെടുത്തുന്നതിന് പകരം അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളർമാരുമായി ഇന്ത്യ കളിക്കണമെന്നും പാർത്ഥിവ് പറഞ്ഞു.
നാണംകെട്ട തോല്‍വി
നോട്ടിങ്ഹാമിൽ നടന്ന മൂന്നാം ടി20-യിൽ വെറും 76 റൺസിന് ഓൾഔട്ടായി 125 റൺസിന്‍റെ നാണംകെട്ട തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 0-2 ന് പിന്നിലാണ്.
ജീവന്‍മരണ പോരാട്ടം
പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് നാലാം മത്സരം ജയിച്ചേ തീരൂ. ഇന്ന് തോറ്റാല്‍ അയര്‍ലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യ കൈവിടും. പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഒരു മത്സരം പോലും ജയിക്കാന്‍ ഇതുവരെ ഇന്ത്യക്കായിട്ടില്ല.
പാർത്ഥിവ് പട്ടേൽ തിരഞ്ഞെടുത്ത ഇന്ത്യൻ ഇലവൻ
അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!