
മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ ആരധകരെ ഞെട്ടിക്കുന്ന കൂടുമാറ്റത്തിനൊരുങ്ങി ഇന്ത്യൻ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. മുംബൈ താരമായ യശസ്വി ജയ്സ്വാള്‍ അടുത്ത സീസണില്‍ ഗോവക്കായി കളിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അനുമതി തേടിയ ഇ മെയില്‍ അയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യശസ്വി ഗോവയിലേക്ക് മാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടുത്ത സീസണില്‍ ഗോവയെ യശസ്വി നയിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഓള്‍ റൗണ്ടറുമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും മുംബൈ താരമായിരുന്ന സിദ്ദേശ് ലാഡും ഗോവയിലേക്ക് കൂടുമാറിയിരുന്നു.
എന്നാല്‍ മുംബൈ ടീമില്‍ സ്ഥിരമായി അവസരം ലഭിക്കാത്തതിനാലാണ് ഇരുവരും കൂടുമാറിയതെങ്കില്‍ യശസ്വി മൂന്ന് ഫോര്‍മാറ്റിലും മുംബൈയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറാണ്. മുംബൈക്കായി നടത്തിയ പ്രകടനങ്ങളിലൂടയൊണ് യശസ്വി ഇന്ത്യൻ ടീമിന്‍റെ ഓപ്പണറായി അരങ്ങേറിയതും.
ഉത്തര്‍പ്രദേശില്‍ ജനിച്ച യശസ്വി ചെറുപ്പത്തിലെ മുംബൈയിലെത്തിയതാണ്. 2019ലാണ് യയശ്വി മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. മുംബൈക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച യശസ്വി 60.85 ശരാശരിയില്‍ 3712 റണ്‍സ് നേടി. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ ആയിരുന്നു യശസ്വി അവസാനമായി മുംബൈക്കായി കളിച്ചത്. മുംബൈ തോറ്റ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. രണ്ട് ഇന്നിംഗ്സില്‍ നാലും ആറും റണ്‍സെടുത്ത് യശസ്വി പുറത്തായിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ക്വാര്‍ട്ടര്‍ മത്സരം പരിക്കുമൂലം യശസ്വിക്ക് കളിക്കാനായിരുന്നില്ല.
ഇന്ത്യൻ ടീമിന്‍റെ ടെസ്റ്റ് ഓപ്പണറായ യശസ്വി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണും അഭിഷേക് നായരും ഓപ്പണര്‍മാരായി തിളങ്ങിയതോടെ ടെസ്റ്റിലും ഏകദിനത്തിലുമാണ് യശസ്വി ഇപ്പോള്‍ ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!