
ലഖ്‌നൗ: ദീപക് ചാഹറിന് (Deepak Chahar) പുറമെ സൂര്യകുമാര്‍ യാദവിനേയും (Suryakumar Yadav) ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) ടി20 പരമ്പരയ്ക്ക് നഷ്ടമാവും. കയ്യിനേറ്റ നേരിയ പൊട്ടലാണ് സൂര്യകുമാറിന് വിനയായത്. താരം ലഖ്‌നൗവില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിക്ക് കണ്ടെത്തിയതിന തുടര്‍ന്ന് വിട്ടുനിന്നു. വിശ്വസ്ഥ താരത്തിന്റെ അഭാവം ഇന്ത്യ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം. വിന്‍ഡീസിനെതിരെ മാന്‍ ഓഫ് ദ സീരീസ് സൂര്യകുമാറായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേറ്റതെന്നാണ് കരുതപ്പെടുന്നത്. നാളെയാണ് ലങ്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും കളിക്കുക. വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20യില്‍ ബൗളിംഗിനിടെയാണ് ദീപക് ചാഹറിന് പരിക്കേല്‍ക്കുന്നത്.
ബൗളിംഗിനിടെ കാലിലെ മസില്‍ ഞരമ്പിനെ പരിക്കേറ്റ ദീപക് ചാഹര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. രണ്ട് വിക്കറ്റ് നേടിയിരിക്കെയാണ് ചഹറിന് പരിക്കേറ്റത്. ചാഹറിന് ആറാഴ്ചവരെ വിശ്രമം വേണ്ടിവന്നേക്കും. ഇങ്ങനെയെങ്കില്‍ ഐപിഎല്ലിലെ ആദ്യഘട്ട മത്സരങ്ങളും ചാഹറിന് നഷ്ടമാവും. ഐപിഎല്ലില്‍ 14 കോടി രൂപയ്ക്കാണ് ചാഹറിനെ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്.
ഇരുവര്‍ക്കും പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍ എന്നിവരെല്ലാം ടീമിനൊപ്പമുള്ള സാഹചര്യത്തില്‍ ചാഹറിന് പകരക്കാരനെ എടുക്കാന്‍ സാധ്യത കുറവാണ്.