ടി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെങ്കിലും, 2025-ലെ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലെ മികച്ച പ്രകടനത്തിന് ശുഭ്മാന്‍ ഗില്ലിന് ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിക്കുമെന്ന് റിപ്പോർട്ട്.
മുംബൈ: കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നിട്ടും, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് യുവതാരം ശുഭ്മന്‍ ഗില്ലിനെ തേടിയെത്തുന്നു. ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഗില്ലിന് ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മാര്‍ച്ച് 15-ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. 2025-ല്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഗില്‍ നടത്തിയ പ്രകടനമാണ് ഈ നേട്ടത്തിന് ഗില്ലിനെ അര്‍ഹനാക്കിയത്. എന്നാല്‍ ടി20 ക്രിക്കറ്റിലെ ഗില്ലിന്റെ മോശം ഫോം ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.
ടെസ്റ്റിലും ഏകദിനത്തിലും അപ്രമാദിത്വം
2025ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 983 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഇതില്‍ ഇംഗ്ലണ്ടിനെതിരായ എവേ പരമ്പരയില്‍ മാത്രം 70-ന് മുകളില്‍ ശരാശരിയില്‍ നേടിയ 754 റണ്‍സ് ഉള്‍പ്പെടുന്നു. ഏകദിനത്തിലും ഗില്‍ മികവ് തുടര്‍ന്നു. ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ നിര്‍ണ്ണായകമായ 188 റണ്‍സ് ഉള്‍പ്പെടെ ആകെ 490 റണ്‍സാണ് ഏകദിനത്തില്‍ താരം നേടിയത്. എല്ലാ ഫോര്‍മാറ്റുകളിലുമായി 49 ശരാശരിയില്‍ 7 സെഞ്ച്വറികളും 3 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 1,764 റണ്‍സ് ഗില്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി.
ലോകകപ്പില്‍ നിന്ന് പുറത്തായതെന്തുകൊണ്ട്?
ടെസ്റ്റിലും ഏകദിനത്തിലും തിളങ്ങിയെങ്കിലും ടി20 ഫോര്‍മാറ്റില്‍ ഗില്ലിന് ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഏഷ്യാ കപ്പില്‍ തിരിച്ചെത്തിയ ഗില്ലിനെ ഓപ്പണറായി പരീക്ഷിച്ചതോടെ സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ്മ സഖ്യത്തെ ഇന്ത്യക്ക് മാറ്റേണ്ടി വന്നു. ഗില്ലിനെ ഓപ്പണറാക്കാന്‍ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയത് സഞ്ജുവിന്റെ സ്വാഭാവിക പ്രകടനത്തെയും റിങ്കു സിംഗിന്റെ ഫിനിഷര്‍ റോളിലെ അവസരങ്ങളെയും ബാധിച്ചു. ഏകദേശം 15 ടി20 മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടും 137.26 സ്ട്രൈക്ക് റേറ്റില്‍ 24.25 ശരാശരിയില്‍ 291 റണ്‍സ് മാത്രമേ ഗില്ലിന് നേടാനായുള്ളൂ.
എന്നാല്‍ ലോകകപ്പില്‍ ഗില്ലിനെ ഒഴിവാക്കിയ തീരുമാനം ഇന്ത്യയ്ക്ക് ഗുണകരമായി. സഞ്ജു സാംസണും ഇഷാന്‍ കിഷനും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
ഐപിഎല്ലില്‍ ലക്ഷ്യം തിരിച്ചുവരവ്
ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഗില്ലിന് വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ നിര്‍ണ്ണായകമാണ്. മാര്‍ച്ച് 31-ന് പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. ഈ മത്സരത്തിലൂടെ ടി20 ഫോര്‍മാറ്റിലെ തന്റെ മികവ് തെളിയിക്കാനും ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചുവരാനുമാകും ഗില്‍ ലക്ഷ്യമിടുന്നത്.



