
മുംബൈ: ബെന്‍ സ്റ്റോക്‌സിന്‍റെ ഏകദിന വിരമിക്കല്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയ്‌ക്കാണ് വഴി തുറന്നിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളും ടി20 ഫ്രാഞ്ചൈസി ലീഗുകളും ചേരുമ്പോഴുണ്ടാകുന്ന മത്സരാധിക്യവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും താരങ്ങളെ ബാധിച്ചുതുടങ്ങി. ടി20 ക്രിക്കറ്റിന്‍റെ വളര്‍ച്ചയോടെ ഏകദിന മത്സരങ്ങളുടെ ഭാവി തന്നെ ചോദ്യചിഹ്‌നമായിരിക്കുമ്പോള്‍ തന്‍റെ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്‌ത്രി(Ravi Shastri).
ഏതൊക്കെ ഫോര്‍മാറ്റില്‍ കളിക്കണം എന്ന് താരങ്ങള്‍ തീരുമാനിക്കുന്ന സമയം വരുന്നു എന്നാണ് രവി ശാസ്‌ത്രി പറയുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉദാഹരണമാക്കി കൂടിയാണ് ശാസ്‌ത്രി തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നത്.
'ഏകദിന ക്രിക്കറ്റിന്‍റെ പ്രാധാന്യം കുറഞ്ഞേക്കാം. എങ്കിലും ലോകകപ്പ് മുന്‍നിര്‍ത്തി ഏകദിന ഫോര്‍മാറ്റ് അതിജീവിക്കും. ടി20 ലോകകപ്പായാലും ഏകദിന ലോകകപ്പായാലും ഐസിസി പ്രാധ്യാനം നല്‍കണം. ഗെയിമിനുള്ള പ്രാധാന്യം പരിഗണിച്ച് ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രസക്‌തി ഒരിക്കലും കുറയില്ല. ഏത് ഫോര്‍മാറ്റില്‍ കളിക്കണമെന്ന് താരങ്ങള്‍ തീരുമാനിച്ചുതുടങ്ങി. ഹാര്‍ദിക് പാണ്ഡ്യയെ എടുക്കുക. അദ്ദേഹത്തിന് ടി20 ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ട്. അതല്ലാതെ മറ്റൊന്നിലും കളിക്കേണ്ടതില്ല എന്ന് അദ്ദേഹത്തിന്‍റെ മനസിന് കൃത്യമായി അറിയാം. അടുത്ത വര്‍ഷം ഇന്ത്യയില്‍ ലോകകപ്പ് വരാനുള്ളത് കൊണ്ട് ഹാര്‍ദിക് പാണ്ഡ്യ ഏകദിനങ്ങള്‍ കളിക്കും. അതിന് ശേഷം ഏകദിനത്തില്‍ നിന്ന് അദ്ദേഹം മാറുന്നത് കാണാനായേക്കും. മറ്റ് താരങ്ങളും ഇതുപോലെ ഫോര്‍മാറ്റുകള്‍ തെരഞ്ഞെടുക്കുന്നത് ഭാവിയില്‍ കാണാം. അതിനുള്ള അവകാശവും താരങ്ങള്‍ക്കുണ്ട്'- ശാസ്‌ത്രി സ്‌കൈ സ്‌പോര്‍ട്‌സില്‍ കൂട്ടിച്ചേര്‍ത്തു.
മത്സരാധിക്യം ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏകദിനത്തിൽ നിന്ന് വിരമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ റിവര്‍സൈഡ് ഗ്രൗണ്ടിലെ ആദ്യ ഏകദിനത്തോടെയാണ് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ സ്റ്റോക്‌സ് 31-ാം വയസില്‍ 50 ഓവര്‍ കരിയറിന് വിരാമമിട്ടത്. മൂന്ന് ഫോര്‍മാറ്റിലേയും സ്ഥിരം താരമെന്ന നിലയില്‍ വളരെ തിരക്കുപിടിച്ച മത്സരക്രമങ്ങളാണ് സ്റ്റോക്‌സിനെ ഈ തീരുമാനത്തിലെത്തിച്ചത്. മത്സരാധിക്യത്തിനെതിരെ സ്റ്റോക്‌സ് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ബെന്‍ സ്റ്റോക്‌സ് 105 ഏകദിനങ്ങളില്‍ 2924 റണ്‍സും 74 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിലും ടി20യിലും സ്റ്റോക്‌സ് തുടര്‍ന്നും കളിക്കും.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പര അടുത്തിടെ ഉപേക്ഷിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ദക്ഷിണാഫ്രിക്ക ടി20 ലീഗ് തുടങ്ങുന്നതിനാല്‍ ഏകദിന മത്സരങ്ങളുടെ തിയതി മാറ്റണമെന്ന് പ്രോട്ടീസ് ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ മാസം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യാന്തര മത്സരക്രമങ്ങളില്‍ മറ്റ് സ്ലോട്ടുകള്‍ കണ്ടെത്താനായില്ല. ടീമിന്‍റെ പിന്‍മാറ്റം 2023ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടുന്നതിനെ ബാധിച്ചേക്കും. ഐസിസി സൂപ്പർ ലീഗിന്‍റെ ഭാഗമായ പരമ്പരയിലെ പോയിന്‍റുകള്‍ വിട്ടുനല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ബോർഡ് സമ്മതം മൂളിയിട്ടുണ്ട്. 2023 ഐപിഎല്‍ സീസണ്‍ രണ്ടര മാസം നീണ്ടുനില്‍ക്കും എന്നതും ചര്‍ച്ചയ്‌ക്ക് വഴിവെച്ചിട്ടുണ്ട്.
ടി20യുടെ വരവോടെ ഏകദിനം വിരസമായി, വണ്‍ഡേ മത്സരങ്ങള്‍ നിർത്തലാക്കണം: വസീം അക്രം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!