ഇന്ധനം നിറച്ച് ഓടുന്ന വാഹനങ്ങൾ പോലെയല്ല കളിക്കാരെന്നും തുടർച്ചയായ മത്സരങ്ങൾ താരങ്ങളെ മാനസികമായും ശാരീരികമായും തളർത്തുകയാണെന്നും സ്റ്റോക്സ് കുറ്റപ്പെടുത്തിയിരുന്നു
ലാഹോര്‍: ക്രിക്കറ്റിൽ ഏകദിന ഫോർമാറ്റ് നിർത്തലാക്കണമെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ വസീം അക്രം(Wasim Akram). ഏകദിനം താരങ്ങൾക്കും കാണികൾക്കും ഒരുപോലെ വിരക്തിയുണ്ടാക്കുകയാണെന്നും അക്രം പറഞ്ഞു. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്‍റെ(Ben Stokes) വിരമിക്കൽ ചൂണ്ടിക്കാട്ടിയാണ് രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് ഏകദിന മത്സരങ്ങൾ ഒഴിവാക്കണമെന്ന് വസീം അക്രം ആവശ്യപ്പെടുന്നത്.
മത്സരാധിക്യം കാരണമാണ് ബെന്‍ സ്റ്റോക്സ് ഏകദിനം മതിയാക്കിയത്. ഇന്ധനം നിറച്ച് ഓടുന്ന വാഹനങ്ങൾ പോലെയല്ല കളിക്കാരെന്നും തുടർച്ചയായ മത്സരങ്ങൾ താരങ്ങളെ മാനസികമായും ശാരീരികമായും തളർത്തുകയാണെന്നും സ്റ്റോക്സ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനോട് പൂർണമായും പിന്തുണച്ചാണ് അക്രവും ഏകദിന മത്സരങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 'ടി20യുടെ വരവോടെ ഏകദിനം വിരസമായി. കമന്റേറ്റർ ബോക്സിലിരിക്കുന്ന തനിക്ക് ഏകദിനം ഇഴയുന്നപോലെയാണ് തോന്നാറുള്ളത്. ടി20 നാല് മണിക്കൂറിനുള്ളിൽ അവസാനിക്കും. കാണികൾക്കും കളിക്കാർക്കും ഇതാണ് വേണ്ടത്. ഏകദിനം താമസിയാതെ ആർക്കും വേണ്ടാതാവും. ട്വന്‍റി 20 ലീഗുകൾ താരങ്ങൾക്ക് സാമ്പത്തിക സുരക്ഷയും നൽകുമെന്നും' ടെസ്റ്റ് ക്രിക്കറ്റിനെ പരാമർശിക്കാതെ അക്രം പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ അക്രം 104 ടെസ്റ്റിൽ 414 വിക്കറ്റും 356 ഏകദിനത്തിൽ 502 വിക്കറ്റും നേടിയിട്ടുണ്ട്.
മത്സരാധിക്യം ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏകദിനത്തിൽ നിന്ന് വിരമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ റിവര്‍സൈഡ് ഗ്രൗണ്ടിലെ ആദ്യ ഏകദിനത്തോടെയാണ് സ്റ്റോക്‌സ് 31-ാം വയസില്‍ ഏകദിന ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. മൂന്ന് ഫോര്‍മാറ്റിലേയും സ്ഥിരം താരമെന്ന നിലയില്‍ വളരെ തിരക്കുപിടിച്ച മത്സരക്രമങ്ങളാണ് സ്റ്റോക്‌സിനെ ഈ തീരുമാനത്തിലെത്തിച്ചത്. ബെന്‍ സ്റ്റോക്‌സ് 105 ഏകദിനങ്ങളില്‍ 2924 റണ്‍സും 74 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിലും ടി20യിലും സ്റ്റോക്‌സ് തുടര്‍ന്നും കളിക്കും.
അതേസമയം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പര അടുത്തിടെ ഉപേക്ഷിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ഏകദിന മത്സരങ്ങളുടെ തിയതി മാറ്റണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ മാസം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യാന്തര മത്സരക്രമങ്ങളില്‍ മറ്റ് സ്ലോട്ടുകള്‍ കണ്ടെത്താനായില്ല. ടീമിന്‍റെ പിന്‍മാറ്റം 2023ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടുന്നതിനെ ബാധിച്ചേക്കും. ഐസിസി സൂപ്പർ ലീഗിന്‍റെ ഭാഗമായ പരമ്പരയിലെ പോയിന്‍റുകള്‍ വിട്ടുനല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ബോർഡ് സമ്മതം മൂളിയിട്ടുണ്ട്.
താരങ്ങള്‍ക്ക് വിശ്രമമില്ല, ടെസ്റ്റ്-ഏകദിന ഫോർമാറ്റുകളുടെ നിലനിൽപിന് ടി20 കുറയ്ക്കണം: രവി ശാസ്‌ത്രി
