
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറിയും ടി20 ക്രിക്കറ്റില്‍ സെഞ്ചുറിയും നേടിയതിന് പിന്നാലെ ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടി. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് ഗില്‍.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, സുരേഷ് റെയ്ന, കെ എല്‍ രാഹുല്‍ എന്നിവരാണ് ഗില്ലിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ഈ വര്‍ഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറിയും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഡബിള്‍ സെഞ്ചുറിയും നേടി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ ഗില്‍ പിന്നാലെ വീണ്ടും സെഞ്ചുറിയും നേടി. ന്യൂസിലന്‍ഡിനെതിരെ ടി20യിലും സെഞ്ചുറി നേടിയ ഗില്‍ ഈ വര്‍ഷം നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്.
അഹമ്മദാബാദ് ടെസ്റ്റില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഗില്‍ രണ്ടാം ദിനം അവസാനം നേഥന്‍ ലിയോണിനെ സിക്സിന് പറത്തിയിരുന്നു. മൂന്നാം ദിനം തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പൂജാരക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഗില്ലിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യയെ സുരക്ഷിതമായ സ്കോറിലേക്ക് നയിച്ചത്.
ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ഗില്‍ അന്ന് അഹമ്മദാബാദില്‍ നേടിയത്. കഴിഞ്ഞ വര്‍ഷം അവസാനം ബംഗ്ലാദേശിനെതിരായ ടെസ്റ്റിലായിരുന്നു ഗില്ലിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി എത്തിയതോടെ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായി.
ഇന്‍ഡോര്‍ ടെസ്റ്റില്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങാന്‍ കഴിയാതിരുന്നതോടെ രാഹുലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാമ് അഹമ്മദാബാദില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഗില്‍ വിമര്‍ശകരുടെ വായടപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!