
ക്രൈസ്റ്റ്‌ചര്‍ച്ച്: സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ മാസ്റ്റര്‍ ബാറ്റര്‍ എന്ന വിശേഷണമുണ്ടായിരുന്ന താരമാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത്. സ്‌പിന്‍ ബൗളറായി കരിയര്‍ തുടങ്ങി ലോകത്തെ നമ്പര്‍ 1 ബാറ്ററായി വളര്‍ന്നതിന്‍റെ അത്ഭുതാവഹമായ കഥ സ്‌മിത്തിന് പറയാനുണ്ട്. ഒരുവേള സാക്ഷാല്‍ ഡോണ്‍ ബ്രാഡ‍്‌മാനോട് പോലും സ്റ്റീവന്‍ സ്മിത്ത് താരതമ്യം ചെയ്യപ്പെട്ടു. എന്നാല്‍ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സ്മിത്തിന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് കനത്ത നിരാശയായി. ഇതിനിടെയൊരു നാണക്കേടും താരത്തെ തേടിയെത്തി.
ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്തിന്‍റെ വിക്കറ്റ് ഏതൊരു ബൗളറും കൊതിക്കുന്നതാണ്. പുതുമുഖ ബൗളര്‍മാരെ സംബന്ധിച്ച് സ്മിത്തിനോളം വലിയ വിക്കറ്റ് നിലവില്‍ മറ്റൊന്ന് കിട്ടാനില്ല. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെമാര്‍ ജോസഫ് കന്നി ടെസ്റ്റ് ഓവറില്‍ സ്മിത്തിനെ മടക്കി മുമ്പ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. സമാനമായി മറ്റൊരു അരങ്ങേറ്റ താരത്തിന് മുന്നിലും സ്റ്റീവ് സ്മിത്ത് വിക്കറ്റ് കളഞ്ഞിരിക്കുകയാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ കരിയറിലെ ആദ്യ മത്സരം കളിക്കാനെത്തിയ ബെന്‍ സിയേഴ്സാണ് സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കിയത്. സിയേഴ്‌സിന്‍റെ ആദ്യ ഓവറിലെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയ സ്മിത്ത് റിവ്യൂ എടുത്തെങ്കിലും അംപയര്‍സ് കോളില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു. ഓസീസ് ഇന്നിംഗ്‌സിലെ 9-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സ്‌മിത്തിന്‍റെ പുറത്താവല്‍. 24 പന്തുകള്‍ ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്ത് രണ്ട് ഫോറുകളോടെ 11 റണ്‍സേ നേടിയുള്ളൂ.
ഡേവിഡ് വാര്‍ണറുടെ വിരമിക്കലോടെ ഓപ്പണറായി ഇറങ്ങാന്‍ തുടങ്ങിയ സ്റ്റീവ് സ്മിത്തിന് ഇതുവരെ ഈ പൊസിഷനില്‍ തിളങ്ങാനായിട്ടില്ല. കഴിഞ്ഞ 20 ടെസ്റ്റ് ഇന്നിംഗ്‌സുകളിലും സ്‌മിത്തിന് സെഞ്ചുറിയില്ല. 109 ടെസ്റ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സ്റ്റീവ് സ്‌മിത്ത് 32 സെഞ്ചുറികളും നാല് ഇരട്ടശതകങ്ങളും ഉള്‍പ്പടെ 57.25 ശരാശരിയില്‍ 9676 റണ്‍സ് നേടിയിട്ടുണ്ട്. ഏറെക്കാലം അറുപത് ബാറ്റിംഗ് ശരാശരി നിലനിര്‍ത്തിയിരുന്ന സ്മിത്ത് ഇപ്പോള്‍ താഴേക്ക് നിലംപതിക്കുകയാണ്.
Read more: കോലി, റൂട്ട്, വില്യംസണ്‍, സ്‌മിത്ത്; ഫാബുലസ് ഫോറിന്‍റെ 100-ാം ടെസ്റ്റിന് ഇന്ത്യന്‍ ബന്ധം! എന്താണത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!