തന്‍റെ നൂറാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സ് കെയ്‌ന്‍ വില്യംസണിന് കനത്ത നിരാശയായി

ക്രൈസ്റ്റ്‌ചര്‍ച്ച്: ഓസ്ട്രേലിയക്ക് എതിരായ ക്രൈസ്‌ചര്‍ച്ച് ടെസ്റ്റിലൂടെ കരിയറില്‍ നൂറ് ടെസ്റ്റ് മത്സരങ്ങള്‍ തികച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍. മറ്റൊരു കിവീസ് താരവും ക്യാപ്റ്റനും പേസറുമായ ടിം സൗത്തിക്കും ഇത് കരിയറിലെ 100-ാം ടെസ്റ്റാണ്. ഗാര്‍ഡ് ഓഫ് ഓണറോടെയാണ് മത്സരത്തിന് മുമ്പ് കെയ്‌ന്‍ വില്യംസണിനെയും ടിം സൗത്തിയെയും മൈതാനത്തേക്ക് സഹതാരങ്ങള്‍ ആനയിച്ചത്. ക്രൈസ്റ്റ്‌ചര്‍ച്ചിലെ ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് നിയന്ത്രിക്കുന്ന അംപയര്‍മാരില്‍ ഒരാളായ നിതിന്‍ മേനോന്‍ അത്യപൂര്‍വ നേട്ടവും ഇതിനിടെ സ്വന്തമാക്കി. 

സമകാലിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ ബാറ്റര്‍മാര്‍ എന്ന് വിശേഷിക്കപ്പെടുന്ന ഇന്ത്യയുടെ വിരാട് കോലി, ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ന്യൂസിലന്‍ഡിന്‍റെ കെയ്‌ന്‍ വില്യംസണ്‍, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് എന്നിവരുടെയെല്ലാം നൂറാം ടെസ്റ്റില്‍ അംപയറായി നിതിന്‍ മേനോന്‍റെ സാന്നിധ്യമുണ്ടായിരുന്നു. നിലവിലെ രാജ്യാന്തര അംപയര്‍മാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നയാളുകളില്‍ ഒരാളാണ് നിതിന്‍ മേനോന്‍. 1983ല്‍ ജനിച്ച നിതിന്‍ മേനോന്‍ രഞ്ജി ട്രോഫിയും ഷെഫീല്‍ഡ് ഷീല്‍ഡും നിയന്ത്രിച്ചാണ് ആദ്യം ശ്രദ്ധ നേടിയത്. 2020ല്‍ ഐസിസിയുടെ എലൈറ്റ് പാനല്‍ അംപയറായി. 2023 ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം നിയന്ത്രിച്ച് നിതിന്‍ മേനോന്‍ ലോകകപ്പ് വേദിയില്‍ അരങ്ങേറ്റം കുറിച്ചു. വലംകൈയന്‍ ബാറ്ററായ നിതിന്‍ മേനോന്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ മധ്യപ്രദേശിനായി കളിച്ചിട്ടുണ്ട്. 

തന്‍റെ നൂറാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സ് കെയ്‌ന്‍ വില്യംസണിന് കനത്ത നിരാശയായി. 37 പന്തില്‍ 17 റണ്‍സെടുത്ത് നില്‍ക്കവേ അദേഹം ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി പുറത്താവുകയായിരുന്നു. രണ്ട് ബൗണ്ടറികളേ കെയ്‌ന് നേടാനായുള്ളൂ. 175 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ 32 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും സഹിതം 55.01 ശരാശരിയില്‍ 8692 റണ്‍സാണ് മുപ്പത്തിമൂന്ന് വയസുകാരനായ കെയ്‌ന്‍ വില്യംസണിന്‍റെ സമ്പാദ്യം. 

Read more: അങ്ങനെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായത്; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം