ലക്ഷ്യം 2027 ലോകകപ്പ്, അഗാര്‍ക്ക‍റുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ, സൂര്യകുമാര്‍ യാദവിന് അഗ്നിപരീക്ഷ

Published : Apr 19, 2026, 10:39 AM IST
Gautam Gambhir and Ajit Agarkar

Synopsis

ടീമിലെ മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കാനും നിർണ്ണായക തീരുമാനങ്ങൾ എടുക്കാനും അഗാർക്കർ കാണിച്ച മികവിൽ ബോർഡ് മതിപ്പ് രേഖപ്പെടുത്തി.

മുംബൈ: 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. 2026 ജൂണിൽ അവസാനിക്കേണ്ട അഗാർക്കറുടെ കരാർ 2027 ജൂൺ വരെ നീട്ടാനാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഗാർക്കറുടെ കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് കൈവരിച്ച നേട്ടങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. അഗാര്‍ക്കര്‍ ചീഫ് സെലക്ടറായിരുന്ന കാലയളവിലാണ് ഇന്ത്യ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫി കിരീടവും നേടിയത്. 2023 ഏകദിന ലോകകപ്പിന്‍റെ ഫൈനലിൽ ഇന്ത്യ എത്തിയതും അഗാര്‍ക്കറുടെ കാലയളവിലായിരുന്നു.

ടീമിലെ മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കാനും നിർണ്ണായക തീരുമാനങ്ങൾ എടുക്കാനും അഗാർക്കർ കാണിച്ച മികവിൽ ബോർഡ് മതിപ്പ് രേഖപ്പെടുത്തി. അതേസമയം, തുടർച്ചയായി രണ്ടാം തവണയും ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചെങ്കിലും, സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് ഫോം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സും ടി20 ലോകകപ്പും മുന്നിൽ നിൽക്കെ, സൂര്യയുടെ സ്ഥാനം സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ട്.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെയുള്ള 84 റൺസ് ഒഴിച്ചാൽ വലിയ ടീമുകൾക്കെതിരെ സൂര്യ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക (18), വെസ്റ്റ് ഇൻഡീസ് (18), ഇംഗ്ലണ്ട് (11), ന്യൂസിലൻഡ് (0) എന്നിങ്ങനെയായിരുന്നു നോക്കൗട്ട് ഘട്ടങ്ങളിലെ സ്കോറുകൾ. ഹെഡ് കോച്ച് ഗൗതം ഗംഭീർ ഇപ്പോഴും സൂര്യകുമാറിനെ പിന്തുണയ്ക്കുന്നുണ്ട്. തന്‍റെ കരാർ 2028 വരെ നീട്ടാൻ ആഗ്രഹിക്കുന്ന ഗംഭീർ, സൂര്യ തന്നെ ടീമിനെ നയിക്കണമെന്ന പക്ഷക്കാരനാണ്. എന്നാൽ, വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യകുമാറിന് നിർണ്ണായകമാകും. ബാറ്റിംഗിൽ ഫോം വീണ്ടെടുത്തില്ലെങ്കിൽ 38-ാം വയസ്സിൽ ഒളിമ്പിക്സ് ടീമിൽ സൂര്യ ഉണ്ടാകുമോ എന്നത് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

നിലവിൽ സൂര്യ തന്നെയാണ് ടീമിന്‍റെ നായകന്‍. എന്നാൽ പ്രകടനത്തിലെ സ്ഥിരത ഉറപ്പാക്കേണ്ടതുണ്ട്. ഇനി മുതൽ സെലക്ഷൻ പൂർണ്ണമായും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നല്‍കുന്ന സൂചന. ടോപ്പ് ഓർഡറിൽ വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങൾ അവസരം കാത്തുനിൽക്കുമ്പോൾ, സൂര്യകുമാറിന് ഇംഗ്ലണ്ട് പര്യടനം അഗ്നിപരീക്ഷയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകൾക്ക് പുതിയ അവകാശികള്‍, സുവര്‍ണാവസരം നഷ്ടമാക്കി സഞ്ജു, പോയിന്‍റ് പട്ടികയില്‍ കുതിച്ച് ഹൈദരാബാദ്
സഞ്ജു വീണു, പിന്നാലെ ചെന്നൈയും; വിജയക്കുതിപ്പിന് ഹൈദരാബാദിൽ ബ്രേക്ക്; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്