
മുംബൈ: സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാനൊരുങ്ങി ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനേയും (Ajinkya Rahane) ചേതേശ്വര്‍ പൂജാരയും (Cheteshwar Pujara). രഹാനെ പൃഥ്വി ഷായ്ക്ക് (Prithvi Shaw) കീഴില്‍ മുംബൈ ടീമില്‍ കളിക്കും. പൂജാര സൗരാഷ്ട്രയ്ക്ക് വേണ്ടിയാണ് കളിക്കുക. ജയ്‌ദേവ് ഉനദ്കടാണ് ടീം ക്യാപ്റ്റന്‍. ഗ്രൂപ്പ് ഡിയിയാണ് ഇരു ടീമുകളും കളിക്കുക. ഒഡീഷ, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അതേസമയം ഹാര്‍ദിക് പാണ്ഡ്യ ടൂര്‍ണമെന്‍രില്‍ നിന്ന് പിന്മാറി. താരങ്ങളെല്ലാം രഞ്ജി കളിക്കണമെന്ന് അടുത്തിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
രഹാനെയ്ക്കും പൂജാരയ്ക്കും നിലവില്‍ സീനിയര്‍ ടീമില്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇരുവരേയും ഉള്‍പ്പെടുത്തില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 2020 ഡിസംബറിലാണ് രഹാനെ അവസാനമായി ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടിയത്. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നത്. പൂജാര സെഞ്ചുറി നേയിട്ടാവട്ടെ മൂന്ന് വര്‍ഷങ്ങളാകുന്നു. മെല്‍ബണിലെ പ്രകടനത്തിന് ശേഷം രഹാനെ 27 ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 547 റണ്‍സ്. ശരാശരി 20.25. മൂന്ന് അര്‍ധ സെഞ്ചുറികള്‍ മാത്രമാണുള്ളത്. ഇയര്‍ന്ന സ്‌കോര്‍ 67 റണ്‍സും. 2019-20ലാണ് രഹാനെ അവസാനമായി രഞ്ജി കളിച്ചത്. എന്നാല്‍ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ സാധിച്ചത്.
പൂജാരയവാട്ടെ ഇംഗ്ലണ്ടിനെതിരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും തുടര്‍ച്ചയായി സംപൂജ്യനായിരുന്നു. അവസാന സെഞ്ചുറിക്ക് ശേഷം പൂജാരയുടെ ശരാശരി 27.38 ആണ്. 48 ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 1287 റണ്‍സ്. ഇംഗ്ലണ്ടിനെതിരെ നേടിയ 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇരുവരും വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് ഇറങ്ങുമ്പോള്‍ സെലക്റ്റര്‍മാര്‍ ഉറ്റുനോക്കുന്നുണ്ട്. ഈ മാസം 25ന് ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കാനിരിക്കെ ഇരുവരുടേയും പ്രകടനം നിര്‍ണായകമാവും.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാണ്ഡ്യ പിന്മാറിയത്. ബറോഡയെ കേദാര്‍ ദേവ്ദറാണ് നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. പിന്നാലെ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടേ ഇനി ഗ്രൗണ്ടിലേക്കുള്ളൂവെന്ന് ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു.
പൃഥി ഷാ (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, യഷസ്വി ജയ്‌സ്വാള്‍, അര്‍മാന്‍ ജാഫര്‍, സര്‍ഫറാസ് ഖാന്‍, ആദിത്യ താരെ, ശിവം ദുബെ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് മുംബൈ ടീമിലെ പ്രമുഖര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!