23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായുഡു ട്രോഫിയില്‍, അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ എസ് അനുരാജിന്റെ മികവിൽ കേരളം ജാര്‍ഖണ്ഡിനെ 274 റൺസിൽ ഒതുക്കി. 

തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായുഡു ട്രോഫിയില്‍ ജാര്‍ഖണ്ഡിന്റെ ആദ്യ ഇന്നിങ്‌സ് 274-ല്‍ ഒതുക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ അഞ്ച് റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ എസ് അനുരാജിന്റെ പ്രകടനമാണ് കേരളത്തിന് മുതല്‍ക്കൂട്ടായത്. മറുവശത്ത് 171 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ മോഹനാണ് ഝാര്‍ഖണ്ഡ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്.

Add Asianetnews as a Preferred SourcegooglePreferred

ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഝാര്‍ഖണ്ഡിന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ശിഖര്‍ മോഹനും ശരണ്‍ദീപ് സിങ്ങും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത ശരണ്‍ദീപിനെ പുറത്താക്കി അനുരാജാണ് ഝാര്‍ഖണ്ഡ് ബാറ്റിങ് നിരയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ തൊട്ടടുത്ത ഓവറില്‍ അനുരാജ് തന്നെ ബിശേഷ് ദത്തയെയും പുറത്താക്കി. തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. അനുരാജും കൈലാസ് ബി. നായരും ഷോണ്‍ റോജറും ചേര്‍ന്ന ബൗളിങ് സഖ്യം ഝാര്‍ഖണ്ഡ് ബാറ്റിങ്ങിന്റെ നടുവൊടിച്ചു. ഇതോടെ ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 117 റണ്‍സെന്ന നിലയിലായിരുന്നു ഝാര്‍ഖണ്ഡ്.

എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന ശിഖര്‍ മോഹന്‍ വാലറ്റക്കാര്‍ക്കൊപ്പം നടത്തിയ ചെറുത്തുനില്‍പ്പാണ് ഝാര്‍ഖണ്ഡിന്റെ സ്‌കോര്‍ 274-ല്‍ എത്തിച്ചത്. എട്ടാം വിക്കറ്റില്‍ തനീഷിനൊപ്പം 108 റണ്‍സാണ് ശിഖര്‍ കൂട്ടിച്ചേര്‍ത്തത്. 31 റണ്‍സെടുത്ത തനീഷിനെ പുറത്താക്കി അനുരാജാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 171 റണ്‍സെടുത്ത ശിഖറിനെ പുറത്താക്കി അനുരാജ് തന്റെ അഞ്ച് വിക്കറ്റ് നേട്ടവും തികച്ചു. 251 പന്തുകളില്‍ 17 ബൗണ്ടറികളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ശിഖറിന്റെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി കൈലാസ് ബി. നായര്‍ മൂന്നും ഷോണ്‍ റോജര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും അക്ഷയ് എസ്. എസും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. കളി നിര്‍ത്തുമ്പോള്‍ ഒരു റണ്ണോടെ അക്ഷയും നാല് റണ്‍സോടെ അഭിഷേകും ക്രീസിലുണ്ട്.

YouTube video player