
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മുതിര്‍ന്ന പേസര്‍ ഭുവനേശ്വര്‍ കുമാറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ 36 കാരനായ ഭുവനേശ്വര്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ പ്രതീക്ഷിച്ചത്ര തിളങ്ങിയിരുന്നില്ല. ഈ പ്രകടനങ്ങളുടെ പേരില്‍ താരത്തെ അധികം വിമര്‍ശിക്കേണ്ടതില്ലെന്നും, ഈ പ്രായത്തിലും താരം കാണിക്കുന്ന ആത്മസമര്‍പ്പണമാണ് ഏറ്റവും വലിയ കാര്യമെന്നും രഹാനെ അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രഹാനെ ഇക്കാര്യം വ്യക്തമാക്കിയത്. ''ഭുവനേശ്വര്‍ കുമാര്‍ പന്തെറിഞ്ഞ രീതിയെക്കുറിച്ച് നമ്മള്‍ അധികം ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹത്തെ വിധിക്കരുതെന്നുമാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഏറെ പരിചയസമ്പന്നനായ ഒരു കളിക്കാരനാണ്, തന്റെ പ്രകടനം എന്താണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഇത്രയും കാലത്തിന് ശേഷം അദ്ദേഹം നടത്തിയ തിരിച്ചുവരവാണ് ശ്രദ്ധിക്കപ്പെടേണ്ടത്. ഈ പ്രായത്തിലും ക്രിക്കറ്റിനോടുള്ള ആവേശവും പ്രതിബദ്ധതയും നിലനിര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.'' രഹാനെ പറഞ്ഞു.
കരിയറില്‍ പ്രകടനങ്ങള്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകാമെന്നും, ഒരു ബോളര്‍ക്ക് ചിലപ്പോള്‍ റിഥം കണ്ടെത്താന്‍ വൈകിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്ത മത്സരത്തില്‍ തന്നെ ഭുവനേശ്വര്‍ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തിരിച്ചുവന്നേക്കാമെന്നും രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഐപിഎല്ലില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഭുവനേശ്വര്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!