ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ഭുവനേശ്വർ കുമാറിന്റെ മോശം പ്രകടനത്തിൽ മുൻ താരം ആർ അശ്വിൻ ആശങ്ക രേഖപ്പെടുത്തി. നാല് വർഷത്തിന് ശേഷം തിരിച്ചെത്തിയ താരത്തിന് പഴയ ആത്മവിശ്വാസവും സ്വിങ്ങും നഷ്ടപ്പെട്ടതായി അശ്വിൻ ചൂണ്ടിക്കാട്ടി.

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ മുതിര്‍ന്ന പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ 36 കാരനായ ഭുവനേശ്വറിന് ഇതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടില്ല. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി താരം 139 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വീഴ്ത്തിയത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. വെല്ലിംഗ്ടണില്‍ നടന്ന മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അശ്വിന്‍.

അശ്വിന്റെ വാക്കുകള്‍... ''മൂന്നാം മത്സരത്തിലെ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ആര്‍ക്കെങ്കിലും മത്സരത്തില്‍ റണ്‍സ് വഴങ്ങേണ്ടി വരാം. എന്നാല്‍ ഇതിന് മുന്‍പുള്ള രണ്ട് മത്സരങ്ങളില്‍ ഭുവിയുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നു. മുന്‍ മത്സരങ്ങളില്‍ പവര്‍പ്ലേയില്‍ അദ്ദേഹം മികച്ച രീതിയില്‍ പന്തെറിയുകയും സ്വിങ് കണ്ടെത്തുകയും ചെയ്തിരുന്നു.'' അശ്വിന്‍ പറഞ്ഞു. ഏത് ബോളര്‍ക്കും മോശം ദിവസങ്ങള്‍ ഉണ്ടാകാമെങ്കിലും ഭുവനേശ്വറിന് തന്റെ പഴയ ആത്മവിശ്വാസവും ഊര്‍ജ്ജവും നഷ്ടപ്പെട്ടതായി കാണപ്പെടുന്നുവെന്നും അശ്വിന്‍ ചൂണ്ടിക്കാണിച്ചു. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് പന്തിന്റെ വേഗത കുറവായിരുന്നുവെന്നും സ്വിങ് കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോര്‍ണി മോര്‍ക്കലിന്റെ പിന്തുണ

അതിനിടെ, ഭുവനേശ്വര്‍ കുമാറിന് പിന്തുണയുമായി ഇന്ത്യന്‍ ബോളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍ രംഗത്തെത്തി. അമിത പ്രതീക്ഷകളുടെ ഭാരം ഒഴിവാക്കി സ്വന്തം സ്വാഭാവിക ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോര്‍ക്കല്‍ താരത്തോട് ആവശ്യപ്പെട്ടത്. നാല് വര്‍ഷത്തിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഉയര്‍ന്ന പ്രതീക്ഷകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചെറിയ വ്യത്യാസങ്ങളുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം ആവശ്യമാണെന്നും മോര്‍ക്കല്‍ വ്യക്തമാക്കി.

YouTube video player