
ഗാലെ: സ്റ്റംപിന് പിന്നില്‍ നിന്ന് വാചകടിക്കാന്‍ മിടുക്കനാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റിലും അത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. പന്തിനൊപ്പം ഏറെക്കാലം കളിച്ചിട്ടുള്ള അജിങ്ക്യ രഹാനെ, അദ്ദേഹത്തിന്റെ ഈ ശൈലി രസകരമാണെങ്കിലും ചിലപ്പോഴൊക്കെ അത് ശ്രദ്ധ തിരിക്കുന്നതാണെന്ന് സോണി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
നിലവില്‍ കമന്റേറ്ററായ മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയുടെ വാക്കുകള്‍.. ''അവന്‍ എപ്പോഴും ഇങ്ങനെയാണ്. ഏറെ രസകരമായ ഒരു വ്യക്തിയാണ്. ശ്രീലങ്കന്‍ കളിക്കാര്‍ക്ക് ഹിന്ദി മനസ്സിലാകില്ലെങ്കിലും, നിരന്തരം ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നാല്‍ ബാറ്റ്സ്മാന്റെ ശ്രദ്ധ തെറ്റും. ബാറ്ററുടെ മാത്രമല്ല, സ്വന്തം ടീമിലെ താരങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകും. സ്ലിപ്പിലും ഷോട്ട് ലെഗിലും ഫീല്‍ഡ് ചെയ്യുമ്പോള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, ചിലപ്പോള്‍ ബൗളര്‍മാര്‍ക്ക് ദേഷ്യവും വരാം. അശ്വിനും ജഡേജയും ഒപ്പമുള്ളപ്പോള്‍ ബാറ്റ്സ്മാന്റെ ശ്രദ്ധ തെറ്റിക്കാന്‍ മാത്രമാണ് അവനോട് പറയാറുള്ളത്, നമ്മുടെ സ്വന്തം കളിക്കാരുടെയല്ല.'' രഹാനെ വ്യക്തമാക്കി.
ഇതിനിടെ, ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും പകരക്കാരനായ ഫീല്‍ഡര്‍ സര്‍ഫറാസ് ഖാനും തമ്മില്‍ സ്റ്റംപ് മൈക്കില്‍ സംസാരിച്ച രസകരമായ സംഭാഷണങ്ങളും ആരാധകരെ ചിരിപ്പിച്ചു. മാനവ് സുതറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് ശ്രീലങ്കയെ 99 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യ മികച്ച നിലയിലായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജ അതുവരെ പന്തെറിഞ്ഞിരുന്നില്ല. ഇത് പന്തും സര്‍ഫറാസും തമ്മിലുള്ള തമാശ നിറഞ്ഞ സംഭാഷണത്തിന് കാരണമായി. ഇന്ത്യന്‍ ബൗളര്‍മാര്‍ പരസ്പരം വിക്കറ്റുകള്‍ പങ്കിട്ടെടുക്കുമെന്ന് പറഞ്ഞ് ജഡേജയോട് ക്ഷമയോടെ കാത്തിരിക്കാന്‍ സര്‍ഫറാസ് ആവശ്യപ്പെടുന്നത് മൈക്കില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു.
ഇതിന് പിന്നാലെ ജഡേജയുടെ പ്രശസ്തമായ വാളുവീശുന്ന ആഘോഷത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പന്തും ഉടന്‍തന്നെ രംഗപ്രവേശം ചെയ്തു. എല്ലാവരും ചേര്‍ന്ന് ഒന്നിച്ച് ആ ട്രേഡ്മാര്‍ക്ക് ആംഗ്യം കാണിച്ച് ആഘോഷിക്കുമെന്നായിരുന്നു പന്തിന്റെ തമാശ രൂപത്തിലുള്ള മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!