കൊൽക്കത്തയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ ഇന്ത്യയെ പരാജയപ്പെടുത്തി. 4-0ന് ബ്രസീൽ വിജയിച്ചെങ്കിലും ഇന്ത്യൻ ടീമിൻ്റെ മികച്ച പ്രതിരോധത്തെ ബ്രസീലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രശംസിച്ചു. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലും രംഗത്തെത്തി.

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ അഞ്ചു തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിനെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ബ്രസീലിയൻ പരിശീലകൻ കാര്‍ലോ ആഞ്ചലോട്ടി.ശനിയാഴ്ച നടന്ന മത്സരത്തിൽ 4-0നാണ് ഇന്ത്യക്കെതിരെ ബ്രസീൽ ജയം സ്വന്തമാക്കിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ആക്രമിച്ചു കളിച്ച ബ്രസീലിനെ 27 മിനിറ്റോളം കൃത്യമായ പ്രതിരോധത്തിലൂടെ തടഞ്ഞു നിർത്താൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ 28-ാം മിനിറ്റിൽ എസ്തേവാവോയിലൂടെ ബ്രസീൽ ആദ്യ ഗോൾ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പെഡ്രോ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ സാമുവൽ ലിനോ ഇരട്ട ഗോളുകൾ നേടിയതോടെ ബ്രസീൽ വിജയം പൂർത്തിയാക്കി.

ആദ്യ ഗോൾ നേടുക എന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് ആഞ്ചലോട്ടി പറഞ്ഞു. എന്നാൽ എസ്തേവാവോയിലൂടെ ലീഡ് എടുത്തതോടെ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഇന്ത്യ മികച്ച രീതിയിലാണ് പ്രതിരോധിച്ചതും പ്രത്യാക്രമണങ്ങൾക്ക് ശ്രമിച്ചതും. അവർ മികച്ച കളിയാണ് പുറത്തെടുത്തത്- മത്സരശേഷം ആഞ്ചലോട്ടി പറഞ്ഞു. കൊൽക്കത്തയിലെ ആരാധകരുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഗുർപ്രീതിനെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ

ആദ്യ പകുതിയിലെ രണ്ടു ഗോളുകൾക്ക് ശേഷം ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ പിൻവലിച്ചതിനെക്കുറിച്ച് ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ പ്രതികരിച്ചു. ഇന്ത്യക്കായി 90-ാം മത്സരം കളിച്ച നായകൻ ഗുർപ്രീതിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് ജമീൽ വ്യക്തമാക്കി.ഗുർപ്രീത് രാജ്യത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. ഒരു വ്യക്തിയുടെ മാത്രം പിഴവല്ല അത്, മൊത്തത്തിലുള്ള വീഴ്ചയാണ്- ജമീൽ പറഞ്ഞു. അടുത്ത മത്സരത്തിൽ സോം കുമാറോ അൽബിനോ ഗോമസോ കളിച്ചേക്കാമെങ്കിലും ഗുർപ്രീത് ടീമിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ബ്രസീലിനെതിരെ കളിക്കുന്നത് മികച്ച അനുഭവമാണെന്നും ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ജമീൽ അഭിപ്രായപ്പെട്ടു. മത്സരശേഷം ബ്രസീൽ പരിശീലകൻ ആഞ്ചലോട്ടി തനിക്ക് പ്രോത്സാഹന വാക്കുകൾ നൽകിയതായും ജമീൽ വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക