
കൊല്‍ക്കത്ത: വരുന്ന ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അജിന്‍ക്യ രഹാനെ നയിക്കും. ഇക്കാര്യം നേരത്തെ ഉറപ്പായിരുന്നുവെങ്കിലും സ്ഥിരീകരണമുണ്ടായത് ഇന്നാണ്. വെങ്കടേശ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മുഷ്താഖ് അലി ടി20 ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് രഹാനെയെ നായകനാക്കാന്‍ തീരുമാനിച്ചത്. ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു രഹാനെ. ടൂര്‍ണമെന്റിലെ താരവും രഹാനെ ആയിരുന്നു. ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 1.5 കോടിക്കാണ് രഹാനെയെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.
മുഷ്താഖ് അലി ടി20യില്‍ എട്ട് ഇന്നിംഗ്സില്‍ നിന്ന് (9 മത്സരം) 469 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 164.56 സ്ട്രൈക്ക് റേറ്റും 58.62 ശരാശരിയും രഹാനെയ്ക്കുണ്ട്. അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 19 സിക്സും 46 ഫോറും രഹാനെ നേടി. ആദ്യമായിട്ടല്ല, രഹാനെ ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്നത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെയും ക്യാപ്റ്റനായിട്ടുണ്ട്. ഐപിഎല്ലില്‍ 2018ലും 2019ലും രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നു രഹാനെ. രണ്ട് സീസണുകളിലായി രഹാനെക്ക് കീഴില്‍ കളിച്ച 24 മത്സരങ്ങളില്‍ ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്.
രഹാനെയെ അവസാന റൗണ്ട് ലേലത്തിലാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ തഴഞ്ഞ രഹാനെയെ അവസാന റൗണ്ടില്‍ താരങ്ങളെ തികയ്ക്കാനായാണ് കൊല്‍ക്കത്ത സ്വന്തമാക്കിയതെന്ന് ആരാധകര്‍ കരുതിയിരുന്നു. മാത്രമല്ല, ഐപിഎല്‍ താരലേലത്തില്‍ 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യര്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് വാര്‍ത്തകളും വന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈ നായകന്‍ കൂടിയായ രഹാനെയുടെ പരിചയസമ്പത്തിലും നായകമികവിലും വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീമിനേയും നയിക്കാനുള്ള ഭാഗ്യം രഹാനെയ്ക്കുണ്ടായിരുന്നു.
ലേലത്തിന് മുമ്പ് കൊല്‍ക്കത്ത വിട്ട ശ്രേയസ് അയ്യര്‍ക്ക് പകരമാണ് രഹാനെയെ കൊല്‍ക്കത്ത നായക സ്ഥാനത്തേക്ക് പരിഗണിച്ചത്. 2022ല്‍ കൊല്‍ക്കത്ത കുപ്പായത്തില്‍ കളിച്ച രഹാനെയെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീം ഒഴിവാക്കിയിരുന്നു. പിന്നീട് അടുത്ത രണ്ട് സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയും താരം കളിച്ചിരുന്നു. രഹാനെയുടെ ഇപ്പോഴത്തെ ടി20 ഫോം പരിഗണിക്കുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് ലഭിച്ചത് വന്‍ ലോട്ടറിയാണെന്ന് പറയാം. രഹാനെ ഓപ്പണറായി ക്രീസിലെത്തുമ്പോള്‍ മികച്ച തുടക്കം ലഭിക്കുമെന്ന പ്രതീക്ഷ ടീം മാനേജ്‌മെന്റിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!