'വരുണ്‍ ചക്രവര്‍ത്തിയുടെ ഫോമില്‍ ആശങ്കയില്ല'; പിന്തുണയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ

Published : Mar 21, 2026, 01:21 PM IST
Varun Chakravarthy

Synopsis

നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുമ്പോഴാണ് വരുൺ റൺസ് വഴങ്ങിയതെന്നും, ഐപിഎൽ 2026 സീസണിൽ താരം ശക്തമായി തിരിച്ചുവരുമെന്നും രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ തിരിച്ചടികള്‍ക്ക് ശേഷം ഐപിഎല്‍ 2026 സീസണില്‍ വരുണ്‍ ചക്രവര്‍ത്തി ശക്തമായി തിരിച്ചുവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ലോകകപ്പില്‍ ജസ്പ്രിത് ബുംറയ്‌ക്കൊപ്പം സംയുക്തമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയെങ്കിലും, ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ വരുണ്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വന്‍തോതില്‍ പരാജയപ്പെട്ടിരുന്നു. സൂപ്പര്‍ 8 ഘട്ടം മുതല്‍ വരുണ്‍ റണ്‍സ് വഴങ്ങുന്നതില്‍ നിയന്ത്രണമില്ലാതെ ബുദ്ധിമുട്ടിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 64 റണ്‍സാണ് താരം വഴങ്ങിയത്. 9.25 എന്ന ഉയര്‍ന്ന ഇക്കോണമി റേറ്റ് താരത്തിന്റെ ഐസിസി ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനവും നഷ്ടപ്പെടുത്തി. എന്നാല്‍ വരുണിന്റെ ബൗളിംഗില്‍ പിഴവുകളില്ലെന്നും നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്താനുള്ള ശ്രമത്തിനിടയിലാണ് റണ്‍സ് വഴങ്ങിയതെന്നും രഹാനെ വ്യക്തമാക്കി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സീസണിലെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രഹാനെ..

രഹാനെയുടെ വാക്കുകള്‍... ''വരുണിന് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങളായി ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരമാണദ്ദേഹം. ബാറ്റര്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയാത്തത് പോലെ ബൗളര്‍മാര്‍ക്കും ഇത്തരം ഘട്ടങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ടീമിനായി പവര്‍പ്ലേയിലും സെറ്റായ ബാറ്റര്‍മാര്‍ നില്‍ക്കുന്ന സമയത്തും ഏറ്റവും പ്രയാസമേറിയ ഓവറുകളാണ് വരുണ്‍ എറിയുന്നത്. അത്തരം സാഹചര്യങ്ങളില്‍ വിക്കറ്റിനായി ശ്രമിക്കുമ്പോള്‍ റണ്‍സ് വഴങ്ങിയേക്കാം. ലോകകപ്പിന് ശേഷം ലഭിച്ച 10 ദിവസത്തെ ഇടവേള വരുണിന് തന്റെ പ്രകടനം വിലയിരുത്താനും ഉന്മേഷത്തോടെ തിരിച്ചുവരാനും സഹായിക്കും.'' രഹാനെ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രത്തില്‍ കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് വരുണ്‍ ചക്രവര്‍ത്തി (99 വിക്കറ്റുകള്‍). സുനില്‍ നരൈനുമായി ചേര്‍ന്ന് വരുണ്‍ ഉണ്ടാക്കിയ ബൗളിംഗ് കൂട്ടുകെട്ടാണ് 2024-ല്‍ കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്തത്. എതിര്‍ ടീം ബാറ്റര്‍മാരുടെ മികവിനെ അംഗീകരിക്കണമെന്നും വരുണിന്റെ കഴിവില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 29ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഈ സീസണിലെ ആദ്യ മത്സരം.

c

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പ്രൊഫഷണലിസമില്ല'; തുറന്നടിച്ച് മുന്‍ പരിശീലകന്‍
ബ്ലോക്ബസ്റ്റര്‍ മുംബൈ ഇന്ത്യന്‍സ്! പക്ഷം 2020ന് ശേഷം കപ്പില്ല; ഇത്തവണ ഐപിഎല്‍ പിടിക്കാന്‍ ഹാര്‍ദിക്കും സംഘവും