ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ പൂജാരയുടെ വഴി തെരഞ്ഞെടുത്ത് രഹാനെ; കൗണ്ടിയില്‍ കളിക്കും

By Web TeamFirst Published Feb 1, 2023, 11:44 AM IST
Highlights

കഴിഞ്ഞ കൗണ്ടി സീസണില്‍ ചേതേശ്വര്‍ പൂജാര, നവദീപ് സെയ്നി, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് തുടങ്ങിയവരും കൗണ്ടിയില്‍ കളിച്ചിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് രഹാനെക്കൊപ്പം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയല്‍ ലണ്ടന്‍ കപ്പ് ഏകദിന ചാമ്പ്യന്‍ഷിപ്പിലും സസെക്സിനായി കളിച്ചിരുന്നു.

മുംബൈ: മുന്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വീണ്ടും കൗണ്ടി ക്രിക്കറ്റിലേക്ക്. രഹാനെ ഈ സീസണിൽ ലെസ്റ്റർഷെയറിനായി കളിക്കും. ഐപിഎല്ലിന് ശേഷം ജൂണിലായിരിക്കും രഹാനെ ടീമിനൊപ്പം ചേരുക. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമാണ് രഹാനെ. കൗണ്ടി ചാമ്പ്യൻഷിപ്പിലെ എട്ട് മത്സരങ്ങളിലും റോയൽ ലണ്ടൻ കപ്പ് ഏകദിന ടൂർണമെന്‍റിലും രഹാനെയ്ക്ക് കളിക്കാനാവും.

2019ൽ രഹാനെ കൗണ്ടി ടീമായ ഹാംഷെയറിന് വേണ്ടി കളിച്ചിരുന്നു. ഹാംഷെയറിന് വേണ്ടി കളിച്ച ആദ്യ ഇന്ത്യന്‍ താരവുമാണ് രഹാനെ.  34കാരനായ രഹാനെ ടെസ്റ്റിൽ 12 സെഞ്ച്വറികളോടെ 38.52 ശരാശരിയില്‍ 4931 റൺസും ഏകദിനത്തിൽ 2962 റൺസും ഇന്ത്യക്കായി നേടിയിട്ടുണ്ട്. ലെസസ്റ്ററിനായി കളിക്കാനായി കാത്തിരിക്കുകയാണെന്നും പുതിയ ടീം അംഗങ്ങള്‍ക്കും ലെസസ്റ്ററിനായി കളിക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും രഹാനെ പറഞ്ഞു. ഈ രഞ്ജി സീസണില്‍ മുംബൈയെ നയിച്ച രഹാനെ 500ലേറെ റണ്‍സടിച്ചെങ്കിലും മുംബൈ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത് തിരിച്ചടിയായിരുന്നു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് ശ്രേയസ് പുറത്ത്, സൂര്യകുമാര്‍ അരങ്ങേറും

കഴിഞ്ഞ കൗണ്ടി സീസണില്‍ ചേതേശ്വര്‍ പൂജാര, നവദീപ് സെയ്നി, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് തുടങ്ങിയവരും കൗണ്ടിയില്‍ കളിച്ചിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് രഹാനെക്കൊപ്പം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയല്‍ ലണ്ടന്‍ കപ്പ് ഏകദിന ചാമ്പ്യന്‍ഷിപ്പിലും സസെക്സിനായി കളിച്ചിരുന്നു.

കൗണ്ടിയിലും റോയല്‍ ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പിലും റണ്ണടിച്ചു കൂട്ടിയ പൂജാര ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുകയും ചെയ്തു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി 109.4 ശരാശരിയില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ അടക്കം ആയിരത്തിലേറെ റണ്‍സടിച്ച പൂജാര ഏകദിന ടൂര്‍ണമെന്‍റില്‍ ടീമിന്‍റെ  നായകനുമായി. റോയല്‍ ലണ്ടന്‍ കപ്പില്‍ 111.62 പ്രഹരശേഷിയില്‍ റണ്‍സടിച്ച പൂജാര 131 പന്തില്‍ 171 റണ്‍സെടുത്ത് ഞെട്ടിച്ചിരുന്നു.  2023 സീസണിലും പൂജാര സസെക്സിനു വേണ്ടി കൗണ്ടിയില്‍ കളിക്കാന്‍ കരാറായിട്ടുണ്ട്.

click me!