ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കേണ്ടത് ആറാം നമ്പറില്‍; വ്യക്തമാക്കി അജിത് അഗാര്‍ക്കര്‍

By Web TeamFirst Published Dec 15, 2020, 2:03 PM IST
Highlights

രണ്ട് സന്നാഹത്സരം കളിച്ച പൃഥ്വി ഷായ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞിരുന്നില്ല. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലിനാണ് സാധ്യത കൂടുതല്‍. 

അഡ്‌ലെയ്ഡ്: നാളെയാണ് ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ആരോക്കെ ഓപ്പണ്‍ ചെയ്യുമെന്ന് ഇതുവരെ ധാരണയായിട്ടില്ല. ഒരുവശത്ത് മായങ്ക് അഗര്‍വാള്‍ ഉറപ്പാണ്. അദ്ദേഹത്തോടൊപ്പം ആര് ഇറങ്ങുമെന്ന് കണ്ടറിയണം. കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരെല്ലാം ടീമിലുണ്ട്. എന്നാല്‍ അന്തിമ തീരുമാനം വൈകും. രണ്ട് സന്നാഹത്സരം കളിച്ച പൃഥ്വി ഷായ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞിരുന്നില്ല. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലിനാണ് സാധ്യത കൂടുതല്‍. 

ഗില്ലിനെ ഓപ്പണറാക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറിന് പറയാനുള്ളത്. ഗില്ലിനെ ആറാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് അഗാര്‍ക്കറിന്റെ പക്ഷം. ''ശുഭ്മാന്‍ ആറാമനായി എത്തുന്നതോടെ, ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്ത് വര്‍ധിക്കും. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ശുഭ്മാന്‍ ആദ്യ ഇന്നിംഗ്‌സില്‍ 43ഉം രണ്ടാം ഇന്നിംഗ്‌സില്‍ 65ഉം റണ്‍സെടുത്തിരുന്നു. 

അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി എന്നിവര്‍ ഒഴികെയുള്ള ടീമിലെ ബാറ്റ്‌സ്മാന്മാരില്‍ എല്ലാവര്‍ക്കും ഓപ്പണര്‍ ആവാന്‍ കഴിയും. ഇതുകൊണ്ടുതന്നെ മധ്യനിരയ്ക്ക് കരുത്ത് പകരാന്‍ ഗില്ലിനെ ആറാമനായി കളിപ്പിക്കണം.'' അഗാര്‍ക്കര്‍ വ്യക്തമാക്കി. 

നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് തിരിക്കും. പിന്നീടുള്ള മൂന്ന് ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുക. അവസാന രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയിലെത്തും.

click me!