
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം മഴ കളിച്ചപ്പോള്‍ 35 ഓവര്‍ മാത്രമാണ് കളി നടന്നത്. ആദ്യ ദിനം മഴമൂലം കളി നേരത്തെ നിര്‍ത്തിയപ്പോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ബംഗ്ലാദേശ് നിരയില്‍ വീണ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത് പേസര്‍ ആകാശ് ദീപായിരുന്നു. മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുമ്രയ്ക്കും വിക്കറ്റൊന്നും വീഴ്ത്താനാവാതിരുന്നപ്പോഴായിരുന്നു ആകാശ് ദീപിന്‍റെ മികച്ച പ്രകടനം.
24 പന്തുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതിരുന്ന ബംഗ്ലാദേശ ഓപ്പണര്‍ സാക്കിര്‍ ഹസനെയായിരുന്നു ആകാശ് ദീപ് ആദ്യം മടക്കിയത്. ഇതിന് പിന്നാലെ 36 പന്തില്‍ 24 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയ ഷദ്മാന്‍ സല്‍മാനെ ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ ഷദ്മാനെ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചതോടെ ആകാശ് ദീപ് റിവ്യു ആവശ്യപ്പെടാൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ആവശ്യപ്പെട്ടു. എന്നാല്‍ ചെറിയൊരു ശങ്കയോടെയായിരുന്നു രോഹിത് റിവ്യു എടുത്തത്.
പക്ഷേ ടിവി അമ്പയറുടെ തീരുമാനം രോഹിത്തിനെ പോലും അമ്പപ്പിച്ചു. ലൈനില്‍ പിച്ച് ചെയ്ത പന്ത് ഷദ്മാന്‍റെ ലെഗ് സ്റ്റംപില്‍ തട്ടുമെന്ന് റിവ്യൂവില്‍ വ്യക്തമായതോടെ ടിവി അമ്പയര്‍ ഔട്ട് വിധിച്ചു. പിന്നാലെ രോഹിത്തും ടീം അംഗങ്ങളും റിവ്യു എടുക്കാന്‍ പറഞ്ഞ ആകാശ് ദീപിനെ അഭിനന്ദിച്ചു. ആദ്യ സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാചെ 74 റണ്‍സിലെത്തിയ ബംഗ്ലാദേശിന് പക്ഷെ ലഞ്ചിന് ശേഷം ഒരു വിക്കറ്റ് കൂടി നഷ്ടമായി. 31 റണ്‍സെടുത്ത് നല്ല തുടക്കമിട്ട ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടന്നതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്‍റെ വിജയം നേടിയ ഇന്ത്യ രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക