
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി അരങ്ങേറിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ഓര്‍ത്ത് സഹതാപമുണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യൻ ബൗളര്‍മാരെല്ലാം പരാജയപ്പെടുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് പകരം മറ്റ് പലരുമാണ് ഗ്രൗണ്ടില്‍ തീരുമാനങ്ങള്‍ എടുത്തതെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അലിസ്റ്റര്‍ കുക്ക് പറഞ്ഞു.
എനിക്ക് ഗില്ലിനെ ഓര്‍ത്ത് സഹതാപമുണ്ട്, പ്രത്യേകിച്ച് ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍. വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യൻ ബൗളര്‍മാര്‍ പരാജയപ്പെട്ടതോടെ അവിടെ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമായി നിരവധി പേരുണ്ടായിരുന്നു. ഡിആര്‍എസില്‍ പോലും പലപ്പോഴും അവരെല്ലാം ഇടപെടുന്നതും തീരുമാനമെടുക്കുന്നതും കാണാമായിരുന്നു. അതെല്ലാം പിഴക്കുകയും ചെയ്തു. ക്യാപ്റ്റനാവുന്നതിന് മുമ്പ് നേതൃഗുണം വളര്‍ത്താനുള്ള പല പുസ്തകങ്ങളും നിങ്ങള്‍ വായിച്ചിരിക്കാം. പക്ഷെ ഗ്രൗണ്ടിലിറങ്ങി നില്‍ക്കുമ്പോഴെ യാഥാര്‍ത്ഥ്യം മനസിലാവു. തനിക്ക് പകരം മറ്റ് പലരും തീരുമാനങ്ങളെടുക്കുന്നത് കണ്ട് ഗില്‍ ശരിക്കും ഞെട്ടിപ്പോയിരക്കാമെന്നും കുക്ക് പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ തന്നെ ഗില്ലിന്‍റെ പരിചയസമ്പത്തില്ലായ്മ വ്യക്തമായി. 340 റണ്‍സിന്‍റെ ലീഡൊക്കെ ആയപ്പോള്‍ തന്നെ കൂടുതല്‍ ആക്രമിച്ചു കളിച്ച് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യ ശ്രമിക്കണമയിരുന്നു. അതുപോലെ 370 റണ്‍സിന്‍റെ വിജയലക്ഷ്യം പ്രതിരോധിക്കുമ്പോള്‍ കൂടുതല്‍ ആക്രമണോത്സുക ഫീല്‍ഡിംഗും ഒരുക്കണമായിരുന്നു. രവീന്ദ്ര ജഡേജ അടക്കമുള്ള ഇന്ത്യൻ ബൗളര്‍മാര്‍ക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമായിരുന്നു. ഇന്ത്യൻ പിച്ചുകളില്‍ നിന്ന് വ്യത്യസ്തമായി വേഗം കുറച്ചു പന്തെറിയാനെങ്കിലും ജഡേജക്ക് ശ്രമിക്കാമായിരുന്നു.
എന്തായാലും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ഞാന്‍ കരുതുന്നത്. കരുണ്‍ നായരോ സായ് സുദര്‍ശനോ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുകയും നിതീഷ് കുമാര്‍ റെഡ്ഡി പ്ലേയിംഗ് ഇലവനിലെത്തുകയും ചെയ്യും. എക്സ്ട്രാ സ്പിന്നറായി കുല്‍ദീപ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയുണ്ടെന്നും കുക്ക് പറഞ്ഞു. ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. മറ്റന്നാള്‍ ബര്‍മിംഗ്ഹാമിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക