
ബെര്‍മിംഗ്ഹാം: ടെസ്റ്റ് കരിയറില്‍ ഒരു പ്രധാന നാഴികക്കല്ല് പിന്നിടാനുള്ള ഒരുക്കത്തിലാണ് യശസ്വി ജയ്സ്വാള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടത്തിലേക്കാണ് ഈ ഇടംകൈയ്യന്‍ ഓപ്പണര്‍ അടുക്കുന്നത്. നിലവില്‍ മുന്‍ താരങ്ങള്‍ രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ് എന്നിവരുടെ പേരിലാമ് റെക്കോഡ്. ഇരുവരും 40 ഇന്നിംഗ്‌സുകളില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. 1999ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ദ്രാവിഡ് ഈ നേട്ടം കൈവരിച്ചത്. 2004ല്‍ ചെന്നൈയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് സേവാഗ് അദ്ദേഹത്തോടൊപ്പം ചേര്‍ന്നത്.
2023 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ റൊസോയില്‍ അരങ്ങേറ്റം കുറിച്ച ജയ്സ്വാള്‍ ഇതുവരെ 38 ഇന്നിംഗ്സുകളില്‍ നിന്ന് 52.86 എന്ന മികച്ച ശരാശരിയില്‍ 1,903 റണ്‍സ് നേടിയിട്ടുണ്ട്. ബുധനാഴ്ച്ച എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഇരുവരേയും മറികടക്കാന്‍ അവസരമുണ്ട്.
ഏറ്റവും വേഗത്തില്‍ 2000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍
രാഹുല്‍ ദ്രാവിഡ് (40 ഇന്നിംഗ്സ്) - ന്യൂസിലന്‍ഡിനെതിരെ, ഹാമില്‍ട്ടണ്‍, 1999
വീരേന്ദര്‍ സെവാഗ് (40 ഇന്നിംഗ്‌സ്) - ഓസ്‌ട്രേലിയയ്‌ക്കെതിരെ, ചെന്നൈ, 2001
വിജയ് ഹസാരെ (43 ഇന്നിംഗ്‌സ്) - വെസ്റ്റ് ഇന്‍ഡീസിനെതിരെ, പോര്‍ട്ട് ഓഫ് സ്‌പെയിന്‍, 1953
ഗൗതം ഗംഭീര്‍ (43 ഇന്നിംഗ്‌സ്) - ന്യൂസിലന്‍ഡിനെതിരെ, നേപ്പിയര്‍, 2009
സുനില്‍ ഗവാസ്‌കര്‍ (44 ഇന്നിംഗ്സ്) - വെസ്റ്റ് ഇന്‍ഡീസിനെതിരെ, പോര്‍ട്ട് ഓഫ് സ്പെയിന്‍, 1976
ലീഡ്സിലെ ഹെഡിംഗ്ലിയില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ മികച്ച ഫോമിലായിരുന്നു ജയ്സ്വാള്‍. ആദ്യ ഇന്നിംഗ്സില്‍ 159 പന്തില്‍ നിന്ന് 16 ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ 101 റണ്‍സ് നേടിയ ജയ്സ്വാള്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. എന്നിരുന്നാലും, രണ്ടാം ഇന്നിംഗ്‌സില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ ജയ്‌സ്വാളിന് കഴിഞ്ഞില്ല. 11 പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. ബ്രൈഡണ്‍ കാര്‍സെ പന്തില്‍ പുറത്താവുകയായിരുന്നു.