
ഹോവ്: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 228 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഡാനിയേല വ്യാറ്റ്, സോഫീ എക്കിള്‍സ്റ്റണ്‍, അലീസ് ഡേവിഡ്സണ്‍, ഷാർലറ്റ് ഡീന്‍ എന്നിവരുടെ ബാറ്റിംഗില്‍ തിരിച്ചെത്തിയ ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 227 റണ്‍സെടുക്കുകയായിരുന്നു. 50 റണ്‍സെടുത്ത അലീസാണ് ടോപ് സ്കോറർ. ഇന്ത്യന്‍ വനിതകള്‍ക്കായി ദീപ്തി ശർമ്മ രണ്ടും ജൂലന്‍ ഗോസ്വാമിയും മേഘ്ന സിംഗും രാജേശ്വരി ഗെയ്‍ക്വാദും സ്നേഹ് റാണയും ഹർലീന്‍ ഡിയോളും ഓരോ വിക്കറ്റും വീഴ്‍ത്തി.
ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ഹർമന്‍പ്രീത് കൗറിന്‍റെ തന്ത്രം വിജയിക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. സ്കോർ ബോർഡില്‍ 8.4 ഓവറില്‍ 21 റണ്‍സ് ചേർക്കുന്നതിനിടെ ഓപ്പണർമാരായ എമ്മാ ലാംബും ടാമി ബ്യൂമോണ്ടും പുറത്തായി. 26 പന്തില്‍ 12 റണ്‍സ് മാത്രം നേടിയ എമ്മയെ മേഘ്ന സിംഗ്, യാസ്തിക ഭാട്യയുടെ കൈകളിലെത്തിക്കുകയായിരുന്നു. 21 പന്തില്‍ ഏഴ് റണ്‍സ് നേടിയ ടാമിയെ മടക്കിയത് കരിയറിലെ അവസാന പരമ്പര കളിക്കുന്ന ജൂലന്‍ ഗോസ്വാമിയും. പിന്നാലെ 28 പന്തില്‍ 19 റണ്‍സുമായി അലീസ് കാപ്സി, സ്നേഹ് റാണയുടെ ബോളിലും സോഫിയ ഡംക്ലി 52 പന്തില്‍ 29 റണ്ണുമായി ഹർലീന്‍ ഡിയോളിന്‍റെ ബോളിലും പുറത്തായതോടെ ഇന്ത്യ പിടിമുറുക്കി. ഇംഗ്ലണ്ട് 24.3 ഓവറില്‍ 88-4 എന്ന നിലയിലായിരുന്നു ഈസമയം.
ഇംഗ്ലണ്ടിന് ആറ് റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത വിക്കറ്റ് വീണു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഏമി ജോണ്‍സിന് വെറും 10 പന്തുകളുടെ ആയുസേ രാജേശ്വരി ഗെയ്‍ക്വാദ് നല്‍കിയുള്ളൂ. മൂന്ന് റണ്ണുമായി ഏമി ബൗള്‍ഡാവുകയായിരുന്നു. ഇതിനിടെ 50 പന്തില്‍ 43 റണ്‍സെടുത്ത ഡാനിയേല വ്യാറ്റിന്‍റെ പോരാട്ടം ഇംഗ്ലണ്ടിനെ തുണച്ചു. ദീപ്തി ശർമ്മയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ സോഫീ എക്കിള്‍സ്റ്റണും അലീസ് ഡേവിഡ്സണും നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലണ്ട് വനിതകളെ 150 കടത്തിയത്. എക്കിള്‍സ്റ്റണ്‍ 33 പന്തില്‍ 31 റണ്‍സുമായി ദീപ്തിക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും അവസാന ഓവറില്‍ അർധ സെഞ്ചുറി തികച്ച അലീസ് ഇംഗ്ലണ്ടിനെ 200 കടത്തി. അലീസ് 61 പന്തില്‍ 50ഉം ഷാർലറ്റ് ഡീന്‍ 21 പന്തില്‍ 24ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
നൈസായിട്ട് പണി പാളി? ഓസ്ട്രേലിയക്കെതിരെ ഉമേഷ് യാദവിന്‍റെ സെലക്ഷനില്‍ ആകാശ് ചോപ്രയുടെ ഒളിയമ്പ്