നൈസായിട്ട് പണി പാളി? ഓസ്ട്രേലിയക്കെതിരെ ഉമേഷ് യാദവിന്‍റെ സെലക്ഷനില്‍ ആകാശ് ചോപ്രയുടെ ഒളിയമ്പ്

By Jomit JoseFirst Published Sep 18, 2022, 6:52 PM IST
Highlights

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ഏറെ ടി20 മത്സരങ്ങള്‍ കളിച്ചെങ്കിലും മുഹമ്മദ് ഷമിയും ഉമേഷ് യാദവും അതിന്‍റെ ഭാഗമായിരുന്നില്ലെന്ന് ഓർമ്മിപ്പിച്ച് മുന്‍താരം

മൊഹാലി: ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍താരം ആകാശ് ചോപ്ര. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഫോർമാറ്റില്‍ നിന്ന് മാറ്റിനിർത്തപ്പെട്ട മുഹമ്മദ് ഷമിയും ദീർഘകാലമായി പുറത്തിരിക്കുന്ന ഉമേഷ് യാദവും സ്ക്വാഡിലെത്തിയതോടെ ടീം ഇന്ത്യയുടെ പദ്ധതികള്‍ തകിടംമറിഞ്ഞോ എന്നാണ് ചോപ്ര ചോദിക്കുന്നത്. മുഹമ്മദ് ഷമി ഈ വർഷവും ഉമേഷ് യാദവ് 2019 ഫെബ്രുവരിക്ക് ശേഷവും ടീം ഇന്ത്യക്കായി ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. 

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ഏറെ ടി20 മത്സരങ്ങള്‍ കളിച്ചെങ്കിലും മുഹമ്മദ് ഷമിയും ഉമേഷ് യാദവും അതിന്‍റെ ഭാഗമായിരുന്നില്ല. ലോകകപ്പിന് നാലാഴ്ച മാത്രം ബാക്കിനില്‍ക്കേ ഇരുവരും ടീം പദ്ധതികളുടെ ഭാഗമായി. ടീം ഇന്ത്യയുടെ പദ്ധതികള്‍ ചെറുതായി പിഴച്ചോ? എന്നുമായിരുന്നു ട്വിറ്ററില്‍ ആകാശ് ചോപ്രയുടെ ചോദ്യം. 

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയുടെ സ്ക്വാഡിലേക്ക് വിളിക്കപ്പെട്ട മുഹമ്മദ് ഷമി കൊവിഡ് ബാധിതനായി പുറത്തായതോടെയാണ് ഉമേഷ് യാദവ് ടീമിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയത്. 2019 ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് ഓസീസിന് എതിരെയാണ് ഉമേഷ് ഇതിന് മുമ്പ് രാജ്യാന്തര ടി20 കളിച്ചത്. ഇതേ വേദിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ലായിരുന്നു ഉമേഷിന്‍റെ അവസാന ഏകദിനം. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കെകെആറിനായി 7.06 ഇക്കോണമിയില്‍ 16 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് വീണ്ടും സെലക്ടർമാരുടെ കണ്ണിലുടക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ ബൗളർമാരുടെ മോശം പ്രകടനവും ഷമിയെയും ഉമേഷിനേയും തിരിച്ചുവിളിക്കാന്‍ കാരണമായി. 

ഓസീസിനെതിരായ ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര.

അവസാന ടിക്കറ്റില്‍ ഇന്ത്യന്‍ സ്ക്വാഡിലേക്ക്; മൊഹാലിയില്‍ ഉമേഷ് യാദവിനെ കാത്തിരിക്കുന്നത് 'ഓണം ബംപർ'


 

click me!