
ലാഹോര്‍: പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നുള്ള റിപ്പോര്‍ട്ടുകൾക്കിടെ ഇന്ന് വൈകുന്നേരം നടക്കാനിരുന്ന പെഷവാർ സൽമിയും കറാച്ചി കിംഗ്‌സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരം റദ്ദാക്കി. പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം കറാച്ചി, ദോഹ, ദുബായ് എന്നീ മൂന്ന് വേദികളിലേക്ക് മാറ്റാൻ പിസിബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഇന്ത്യയുടെ തിരിച്ചടിയും ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷവും ഉണ്ടായിട്ടും പിഎസ്എൽ ഷെഡ്യൂൾ ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോൾ സാഹചര്യം അതിവേഗം മാറി.
"ഒരു ആക്രമണത്തെത്തുടർന്ന് റാവൽപിണ്ടിയിലെ ഒരു പിഎസ്എൽ മത്സരം റദ്ദാക്കി. ഇത് വിദേശ കളിക്കാരെ ഞെട്ടലിലാക്കി. മത്സരം ഇന്ന് രാത്രിയായിരുന്നു. പലരും ഇപ്പോൾ എത്രയും പെട്ടെന്ന് രാജ്യം വിടാൻ ശ്രമിക്കുന്നു. സർക്കാരുമായി കൂടിയാലോചിച്ച ശേഷം പിസിബി തീരുമാനമെടുക്കും" - ഒരു മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഐഎൻഎസിനോട് പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാൻ നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി.
ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.