ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് താരങ്ങളെ പ്രകോപിപ്പിക്കരുതെന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് ടീം അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൊളംബോ: ടി20 ലോകകപ്പിലെ നിര്‍ണ്ണായകമായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനിടെ പാക് താരങ്ങളുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ടീം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സ്ലെഡ്ജിംഗിലൂടെയല്ല, മറിച്ച് മികച്ച പ്രകടനത്തിലൂടെ വേണം പാകിസ്ഥാനെ നേരിടാനെന്ന് അദ്ദേഹം ടീമിനെ ഓര്‍മ്മിപ്പിച്ചു. ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ വിജയമാഘോഷിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മത്സരത്തിനിടയിലെ ചില ദൃശ്യങ്ങള്‍ ബിസിസിഐ പുറത്തുവിട്ടതോടെയാണ് ക്യാപ്റ്റന്റെ ഈ പക്വതയാര്‍ന്ന ഇടപെടല്‍ പുറംലോകം അറിഞ്ഞത്. സൂര്യകുമാര്‍ യാദവിന്റെ വാക്കുകള്‍.. ''ഓവറുകള്‍ക്കിടയില്‍ ഗ്രൗണ്ടിലെ ഫീല്‍ഡിംഗ് പൊസിഷനുകളിലെത്തുക. ആരോടും ഒന്നും പറയാന്‍ നില്‍ക്കരുത്. നമുക്ക് നല്ല ക്രിക്കറ്റ് കളിക്കണം. കഴിവും മികവും കൊണ്ട് നമുക്ക് ഈ കളി ജയിക്കാം.'' സൂര്യ താരങ്ങളോട് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കിയതും ഇന്ത്യയുടെ 'നോ ഹാന്‍ഡ്ഷെയ്ക്ക് പോളിസി'യും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ മൈതാനത്ത് ഒരു തരത്തിലുള്ള അനാവശ്യ നാടകങ്ങളും ഉണ്ടാകരുതെന്ന് നായകന് നിര്‍ബന്ധമുണ്ടായിരുന്നു.

View post on Instagram

അതേസമയം, പാക് താരം ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തി. 2022 ലോകകപ്പില്‍ മെല്‍ബണില്‍ പാകിസ്ഥാനെതിരെ കോലി കളിച്ച ഐതിഹാസിക ഇന്നിംഗ്സിനെക്കുറിച്ച് പത്താന്‍ പരാമര്‍ശിച്ചു. പത്താന്‍ പറഞ്ഞതിങ്ങനെ... ''അത്രയും വലിയ സമ്മര്‍ദ്ദത്തില്‍ ബാബര്‍ എപ്പോഴെങ്കിലും ഇതുപോലൊരു ഇന്നിംഗ്സ് കളിച്ചിട്ടുണ്ടോ? എത്ര തവണ അദ്ദേഹം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.'' പത്താന്‍ ചോദിച്ചു.

അദ്ദേഹം തുടര്‍ന്നു... ''വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോള്‍ സിംഗിളുകളും ഡബിളുകളും എടുത്ത് കളി 15-ാം ഓവര്‍ വരെ എത്തിക്കണമായിരുന്നു. വലിയ ഷോട്ടിന് ശ്രമിക്കുന്നതിന് പകരം ഇന്നിംഗ്സ് പടുത്തുയര്‍ത്താനാണ് ബാബര്‍ ശ്രമിക്കേണ്ടിയിരുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബാബര്‍ ബുദ്ധിമുട്ടുകയാണ്. ഇന്ത്യ 175 റണ്‍സെടുത്തപ്പോള്‍ തന്നെ മത്സരം പാകിസ്ഥാന്റെ കൈകളില്‍ നിന്ന് പോയിക്കഴിഞ്ഞിരുന്നു. പാകിസ്ഥാന്‍ ബാറ്റിംഗ് നിരയ്ക്ക് അത്രയും വലിയ ലക്ഷ്യം പിന്തുടരാനുള്ള കരുത്തില്ല.'' പത്താന്‍ ചൂണ്ടിക്കാട്ടി.

YouTube video player