
ഐപിഎൽ 2026-ൽ തൻ്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി (കെകെആർ) നാലോവർ എറിയാനും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും തയ്യാറാണെന്ന് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. തുടർച്ചയായ നാലാം ജയം സ്വന്തമാക്കി കെകെആർ ടൂർണമെൻ്റിലേക്ക് ശക്തമായി തിരിച്ചുവന്ന സാഹചര്യത്തിലാണ് ഗ്രീനിൻ്റെ ഈ പ്രഖ്യാപനം.
വെള്ളിയാഴ്ച അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫിൻ അലൻ്റെ അപരാജിത സെഞ്ചുറിയുടെ മികവിൽ കെകെആർ, ഡിസിയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. സീസണിലെ ആദ്യ ആറ് മത്സരങ്ങളിലും തോറ്റെങ്കിലും, ഈ വിജയത്തോടെ കെകെആർ പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. മത്സരത്തിൽ ഒരോവർ മാത്രം എറിഞ്ഞ് നിതീഷ് റാണയുടെ വിക്കറ്റ് വീഴ്ത്തിയ ഗ്രീൻ, ബാറ്റിംഗിൽ 33 റൺസെടുത്ത് ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പുറംവേദനയെ തുടർന്നുള്ള വിശ്രമത്തിൻ്റെ ഭാഗമായി ആദ്യ രണ്ട് മത്സരങ്ങളിൽ ഗ്രീൻ പന്തെറിഞ്ഞിരുന്നില്ല. ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായിട്ടായിരുന്നു താരം കളത്തിലിറങ്ങിയത്.
മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ, തൻ്റെ ബോളിംഗ് റോളിനെക്കുറിച്ചും ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ചും ലേലത്തിലെ ഉയർന്ന വില നൽകുന്ന സമ്മർദ്ദത്തെക്കുറിച്ചും ഗ്രീൻ സംസാരിച്ചു. ‘നാലോവർ എറിയാൻ ഞാൻ 100% തയ്യാറാണ്. ഞങ്ങളുടെ ടീമിൻ്റെ ഘടന അനുസരിച്ച്, ഒന്നോ രണ്ടോ ഓവർ എറിയുന്ന അനുകുൽ റോയിയെപ്പോലെ മികച്ച താരങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് രണ്ടോ മൂന്നോ ഓവർ എറിഞ്ഞാൽ മതി. ഇത് വലിയ സഹായമാണ്. ഒരു ഇടംകയ്യൻ ഓൾറൗണ്ടർ ഉള്ളതുകൊണ്ട് മധ്യ ഓവറുകളിൽ അദ്ദേഹത്തിന് പന്തെറിയാം. എനിക്ക് പവർപ്ലേയിലും ഡെത്ത് ഓവറുകളിലും പന്തെറിയാൻ സാധിക്കും. ഞങ്ങളുടെ ടീമിൽ പന്തെറിയാൻ കഴിയുന്ന ആറ് താരങ്ങളുണ്ട്. അനുകുലും ഞാനും ഓൾറൗണ്ടർമാരെന്ന നിലയിൽ പരസ്പരം സഹായിച്ച് നാലോവറുകൾ പൂർത്തിയാക്കുന്നു'. ഗ്രീൻ പറഞ്ഞു.
തൻ്റെ മൂന്നാമത്തെ ഐപിഎൽ സീസണും കെകെആറിനൊപ്പമുള്ള ആദ്യ സീസണും കളിക്കുന്ന ഗ്രീൻ, ഇതുവരെ 232 റൺസും നാല് വിക്കറ്റുകളും നേടിയിട്ടുണ്ട്. സീസണിന് മുന്നോടിയായി 25.20 കോടി രൂപയ്ക്കാണ് ഗ്രീനിനെ കെകെആർ ടീമിലെത്തിച്ചത്. എന്നാൽ ഈ വലിയ തുക തനിക്ക് സമ്മർദ്ദമൊന്നും നൽകുന്നില്ലെന്നും അതിന് കാരണം ഫ്രാഞ്ചൈസിയും സഹതാരങ്ങളുമാണെന്നും ഗ്രീൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!