
മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളറുണ്ടായിരുന്നു. ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സൂര്യകുമാര്‍ യാദവ് ഐപിഎല്ലിലും മോശം ഫോം തുടരുന്നതാണ് സെലക്ഷന്‍ കമ്മിറ്റി കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ കാരണം. സൂര്യകുമാറിന് പകരം ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി നായകാനായി തിളങ്ങുന്ന ശ്രേയസ് അയ്യരെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ബിസിസിഐ ഉദ്യോഗസ്ഥര്‍ ശ്രേയസിനാണ് പിന്തുണ നല്‍കുന്നതെങ്കിലും ഗംഭീര്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയയാണ്. ടി20 ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഐപിഎലില്‍ രാജസ്ഥാനെ റോയല്‍സിനെ നയിച്ചുകൊണ്ടുള്ള മികച്ച റെക്കോഡുമുണ്ട്. കൂടാതെ ഗംഭീറുമായുള്ള അടുപ്പവും ഗുണം ചെയ്യും. സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നതിന്റെ ആദ്യ പടിയായി അയര്‍ലന്‍ഡ്, സിംബാബ്‌വെ എന്നീ പര്യടനങ്ങളുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായേക്കും. സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കണമെന്നും വാദവും നിലനില്‍ക്കുന്നുണ്ട്.
നേരത്തെ, സഞ്ജുവിനെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ, 2028 ലോകകപ്പും ഒളിംപിക്‌സും വരെ ക്യാപ്റ്റനായി തുടരാന്‍ 35കാരനായ സൂര്യകുമാര്‍ യാദവ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സെലക്ടര്‍മാര്‍ക്ക് അനുകൂല നിലപാടല്ല ഉള്ളത്. രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് ശേഷം ഇന്ത്യയെ നയിച്ച സൂര്യകുമാറിന് കീഴില്‍ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. ഏഷ്യാ കപ്പില്‍ കിരീടം നേടുകയും ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തു.
ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുമ്പോഴും സൂര്യയുടെ വ്യക്തിഗത ഫോമാണ് കടുത്ത തീരുമാനമെടുക്കാന്‍ സെലക്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നതെന്നാണ് കരുതുന്നത്. ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി 10 മത്സരങ്ങളില്‍ നിന്ന് വെറും 195 റണ്‍സ് മാത്രമാണ് സൂര്യക്ക് നേടാനായത്. ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ 9 ഇന്നിംഗ്‌സില്‍ നിന്ന് 242 റണ്‍സ് നേടിയെങ്കിലും ഇതില്‍ 84 റണ്‍സും അമേരിക്കക്കെതിരെ ആയിരുന്നു. ഫൈനലില്‍ അടക്കം വലിയ ടീമുകള്‍ക്കെതിരെ സമ്മര്‍ദ്ദഘട്ടങ്ങളിലൊന്നും സൂര്യക്ക് മികവ് കാട്ടാനായില്ല.
കഴിഞ്ഞ കുറച്ചു കാലമായി സൂര്യകുമാര്‍ പരിക്കിന്റെ പിടിയിലാണെന്നും കൈത്തണ്ടയിലെ പരിക്ക് മൂലം കടുത്ത വേദന സഹിച്ചാണ് ബാറ്റ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ സൂര്യയെ ബാറ്ററായി ടീമില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ പോലും സെലക്ടര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ട്. രണ്ട് വര്‍ഷത്തോളമായി ടി20 ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍, ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഐപിഎല്ലില്‍ ഈ സീസണില്‍ പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന ശ്രേയസ് ആദ്യ ഏഴ് മത്സരങ്ങളില്‍ ആറിലും ടീമിനെ ജയിപ്പിച്ചു. 9 ഇന്നിംഗ്സുകളില്‍ നിന്ന് 333 റണ്‍സുമായി ശ്രേയസ് ബാറ്റിംഗിലും തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!