
തിരുവനന്തപുരം: കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സാണ് അടിച്ചെടുത്തത്. വലിയൊരു തകര്‍ച്ചയോടെ തുടങ്ങിയ റോയല്‍സിന് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ ഇന്നിങ്‌സാണ് കരുത്തായത്. എം നിഖിലിന്റെയും അബ്ദുള്‍ ബാസിദിന്റെയും നിര്‍ണ്ണായക സംഭാവനകള്‍ കൂടി ചേര്‍ന്നതോടെയാണ് റോയല്‍സ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുമായി ആഞ്ഞടിച്ച കൌമാര താരം ആദിത്യ ബൈജു ആലപ്പിയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓവറിലെ അഞ്ചാമത്തെയും ആറാമത്തെയും പന്തുകളില്‍ എസ് സുബിനെയും റിയ ബഷീറിനെയും പുറത്താക്കിയതോടെ രണ്ട് വിക്കറ്റിന് എട്ട് റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. ഒരു സിക്‌സറോടെ അക്കൌണ്ട് തുറന്നെങ്കിലും ഇല്ലാത്ത റണ്ണിനായോടി ഗോവിന്ദ് ദേവ് പൈയും നാലാം ഓവറില്‍ പുറത്തായി. തകര്‍ച്ച മുന്നില്‍ക്കണ്ട റോയല്‍സിനെ കൃഷ്ണപ്രസാദും അബ്ദുള്‍ ബാസിദും ചേര്‍ന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്.
ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താം ഓവറിലെ അവസാന പന്തിലാണ് 30 റണ്‍സെടുത്ത അബ്ദുള്‍ ബാസിദ് പുറത്തായത്. അപ്പോള്‍ നാല് വിക്കറ്റിന് 66 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. 15ആം ഓവറിലായിരുന്നു റോയല്‍സിന്റെ സ്‌കോര്‍ 100 കടന്നത്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ഓവറുകളില്‍ കൃഷ്ണപ്രസാദും നിഖിലും ചേര്‍ന്ന് കൂറ്റനടികളിലൂടെ കളിയുടെ ഗതി മാറ്റി. അഞ്ചാം വിക്കറ്റില്‍ 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
ഓപ്പണറായി ഇറങ്ങിയ കൃഷ്ണപ്രസാദ് 53 പന്തുകളില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 67 റണ്‍സുമായി പുറത്താകാതെ നിന്നു. നിഖില്‍ 31 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്തു. നിഖില്‍ പുറത്തായപ്പോള്‍ എത്തിയ അഭിജിത് പ്രവീണ്‍ വെറും നാല് പന്തുകളില്‍ രണ്ട് സിക്‌സടക്കം 12 റണ്‍സുമായി പുറത്താകാതെ നിന്നു.