Latest Videos

സൂപ്പര്‍ ഹീറോ അല്‍സാരി ജോസഫ്, അഞ്ച് വിക്കറ്റ്! ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് വിന്‍ഡീസിന് ടി20 പരമ്പര

By Web TeamFirst Published Mar 29, 2023, 1:43 AM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. റൊമാരിയോ ഷെഫേര്‍ഡ് (44), നിക്കോളാസ് പുരാന്‍ (41) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ആറിന് 213 എന്ന നിലയില്‍ അവസാനിച്ചു.

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. ജൊഹന്നാസ്ബര്‍ഗ്, വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിന്റെ ജയമാണ് സന്ദര്‍ശര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. റൊമാരിയോ ഷെഫേര്‍ഡ് (44), നിക്കോളാസ് പുരാന്‍ (41) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ആറിന് 213 എന്ന നിലയില്‍ അവസാനിച്ചു. അല്‍സാരി ജോസഫ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 വിന്‍ഡീസ് ജയിച്ചിരുന്നു. രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയെടുത്തു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 44 പന്തില്‍ 83 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സിന്റെ ഇന്നിംഗ്‌സാണ് പ്രതീക്ഷ നല്‍കിയത്. 21 പന്തില്‍ 42 റണ്‍സുമായി റിലീ റൂസ്സോയും തിളങ്ങി. ഭേദപ്പെട്ട തുടക്കം നല്‍കിയ ശേഷം ക്വന്റണ്‍ ഡി കോക്കാണ് (21) ആദ്യം മടങ്ങുന്നത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഹെന്‍ഡ്രിക്‌സ്- റൂസോ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റൂസോയെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റൂസോയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലറെ (11) അല്‍സാരി പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 14.2 ഓവറില്‍ മൂന്നിന് 149 എന്ന നിലയിലായി. 

ഹെന്‍ഡ്രിക്‌സിനൊപ്പം ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ക്രീസിലൊന്നിച്ചു. ഇരുവരും വിജയപ്പിക്കുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു. അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് അല്‍സാരി. ആദ്യ പന്തില്‍ തന്നെ ഹെന്‍ഡ്രിക്‌സിനെ മടക്കിയ അല്‍സാരി അതേ ഓവറില്‍ ഹെന്റിച്ച് ക്ലാസന്‍ (6), വെയ്ന്‍ പാര്‍നെല്‍ (2) എന്നിവരേയും മടക്കി. ഒമ്പത് റണ്‍സ് മാത്രമാണ് അല്‍സാരി വിട്ടുകൊടുത്തത്. റെയ്‌മോന്‍ റെയ്ഫര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 26 റണ്‍സ്. മൂന്ന് ബൗണ്ടറികള്‍ നേടി മാര്‍ക്രം (18 പന്തില്‍ പുറത്താവാതെ 35) പരമാവധി ശ്രമിച്ചെങ്കിലും തോല്‍വി വഴങ്ങേണ്ടി വന്നു. ബോണ്‍ ഫോര്‍ട്വിന്‍ (0) പുറത്താവാതെ നിന്നു.

നേരത്തെ മോശം തുടക്കമായിരുന്നു വിന്‍ഡീസിന്. 3.3 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 39 എന്ന നിലയിലായിരുന്നു അവര്‍. കെയ്ല്‍ മയേഴ്‌സും (17), ജോണ്‍സണ്‍ ചാള്‍സും (0) മടങ്ങി. എന്നാല്‍ പുരാന്റെ കൂറ്റനടികള്‍ തുണയായി. 19 പന്തുകള്‍ മാത്രം നേരിട്ട പുരാന്‍ നാല് സിക്‌സും രണ്ട് ഫോറും നേടി. ഇതിനിടെ ബ്രന്‍ഡന്‍ കിംഗ് (36) പവലിയനില്‍ തിരിച്ചെത്തി. മധ്യനിരയില്‍ റോവ്മാന്‍ പവല്‍ (11), റെയ്ഫര്‍ (27), ഹോള്‍ഡര്‍ (13), റോസ്റ്റണ്‍ ചേസ് എന്നിവര്‍ നിരാശപ്പെടുത്തി. അവര്‍ക്കൊപ്പം പുരാനും വിക്കറ്റ് കളഞ്ഞു. എട്ടിന് 161 എന്ന നിലയിലായി വിന്‍ഡീസ്. തുടര്‍ന്ന് ഷെഫേര്‍ഡും അല്‍സാരിയും (9 പന്തില്‍ 14) നടത്തിയ പോരാട്ടാണ് വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 59 റണ്‍സ് കൂട്ടിചേര്‍ത്ത ഇരുവരും പുറത്താവാതെ നിന്നു. ലുംഗി എന്‍ഗിഡി, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സസ്‌പെന്‍സിന് വിരാമം, ഗംഭീര ട്വിസ്റ്റ്! ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

click me!