
ചെന്നൈ: ഐപിഎല്ലില്‍ ആദ്യ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ക്യാപ്റ്റന്‍സി സംബന്ധിച്ച രസകരമായ നിരീക്ഷണങ്ങളുമായി മുന്‍ താരം അബാട്ടി റായുഡു. ഇത്തവണ ധോണി ഒറ്റക്കായിരിക്കില്ല ചെന്നൈയെ നയിക്കുകയെന്നും ധോണിയെ സഹായിക്കാനായി മറ്റൊരു ക്യാപ്റ്റന്‍ കൂടിയുണ്ടാകുമെന്നും കഴിഞ്ഞ ഐപിഎല്ലോടെ വിരമിക്കല്‍ പ്രഖ്യാപിച്ച റായുഡു പറഞ്ഞു.
ഇത്തവണ ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അങ്ങനെ ആണെങ്കില്‍ ഈ സീസണ്‍ ചെന്നൈയില്‍ തലമുറ മാറ്റത്തിന്‍റെ സൂചനകളും കാണാം. അടുത്ത സീസണിലും ധോണി കളിക്കുമെന്ന് ഉറപ്പാണെങ്കില്‍ മാത്രമെ ഇത്തവണ ധോണി മുഴുവന്‍ സമയ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ളു. അല്ലാത്തപക്ഷം കൂടെ മറ്റൊരു താരത്തെ കൂടി ക്യാപ്റ്റനായി കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. ഇംപാക്ട് പ്ലേയര്‍ നിയമം നിലവിലുള്ളതിനാല്‍ ധോണിക്ക് മത്സരത്തിനിടയില്‍ വെച്ച് വേണമെങ്കില്‍ തിരിച്ചു കയറി പകരം മറ്റൊരു കളിക്കാരനെ ഗ്രൗണ്ടിലിറക്കാം.
വ്യക്തിപരമായ അദ്ദേഹം ചെന്നൈ നായകനായി തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ കാല്‍മുട്ടിലെ പരിക്ക് അലട്ടിയാല്‍ ഒരുപക്ഷെ ഈ സീസണോടെ ധോണി ഐപിഎല്ലിനോട് വിടപറയാന്‍ സാധ്യതയുണ്ട്. പൂര്‍ണമായും ഫിറ്റ് അല്ലെങ്കില്‍ പോലും ധോണി ഈ സീസണിലെ എല്ലാ മത്സരങ്ങളിലും കക്കുമെന്നാണ് ഞാന്‍ കരുതുന്നത്. 10 ശതമാനം ഫിറ്റാണെങ്കില്‍ പോലും ധോണി കളിക്കാന്‍ സാധ്യതയുണ്ട്. കാരണം, പരിക്കുകള്‍ക്ക് അദ്ദേഹത്തെ ഒരിക്കലും തളര്‍ത്താനാവില്ല.
എത്രയോ തവണ പരിക്കുകള്‍ അവഗണിച്ച് കളിച്ചിട്ടുണ്ട് അദ്ദേഹം. കഴിഞ്ഞ സീസണില്‍ പോലും കാല്‍ മുട്ടിലെ പരിക്കു വകവെക്കാതെയാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ മറ്റൊന്നും അദ്ദേഹത്തെ തടയില്ലെന്നും റായുഡു പറഞ്ഞു. രവീന്ദ്ര ജഡേജയെ മുമ്പ് ക്യാപ്റ്റനാക്കിയുള്ള പരീക്ഷണം പാളിയതിനാല്‍ ഇത്തവണ റുതുരാജ് ഗെയ്ക്‌വാദിനെയാകും ധോണിക്കൊപ്പം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ചെന്നൈ പരിഗണിക്കുക എന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!